കൊച്ചി: സ്വന്തം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാനോടാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ആദ്യ പകുതിയിലെ 28,40 മിനിറ്റുകളിൽ ജാമി മക്ലാരൻ നേടിയ ഇരട്ടഗോളുകളും അറുപതാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗസ് നേടിയ ഗോളിന്റെയും കരുത്തിലാണ് ബഗാൻ വിജയിച്ചത്. 67 ശതമാനം നേരത്തും പന്ത് കൈവശം വെച്ച ബ്ലാസ്റ്റേഴ്സിന് പക്ഷെ ഗോളൊന്നും നേടാനായില്ല. മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും ബ്ലാസ്റ്റേഴ്സ് മറന്നു.പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകൾ അവസാനിച്ച മട്ടാണ്.
20 കളികളിൽ നിന്ന് 24 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഏഴ് കളികൾ ജയിച്ചപ്പോൾ 10 എണ്ണം തോറ്റു. 21 കളികളിൽ നിന്ന് 49 പോയിന്റുമായി മോഹൻ ബഗാൻ പട്ടികയിൽ ഒന്നാമതാണ്. ബംഗാൾ ടീം സെമി ഉറപ്പിക്കുകയും ചെയ്തു.