തൃശൂർ/തിരുവനന്തപുരം – കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ബി.ജെ.പിയുടെ മോഹം സഫലമാക്കി ഞെട്ടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലവുമായി തൃശൂർ. നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയാണ് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ അവരെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി, തിളക്കമാർന്ന വിജയനേട്ടം ഉറപ്പിക്കുന്നത്.
സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ വി.എസ് സുനിൽകുമാറിനെ അരലക്ഷത്തിലേറെ വോട്ടുകളുടെ ലീഡിലാണ് സുരേഷ് ഗോപി ചരിത്രവിജയത്തിലേക്ക് കുതിക്കുന്നത്.
തലസ്ഥാനത്ത് സിറ്റിംഗ് എം.പിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിനെതിരെയും മികച്ച ഇടപെടലാണ് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്തായാലും ദേശീയ തലത്തിൽ ബി.ജെ.പിക്കും മോഡിക്കും കനത്ത തിരിച്ചടിയുണ്ടായപ്പോഴും കേരളത്തിൽ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് മതനിരപേക്ഷ കക്ഷികളെ അമ്പരപ്പിച്ചിരിക്കുകയാണ് ബി.ജെ.പി.
അതേപോലെ, ആലപ്പുഴയിൽ ഒരു ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ബി.ജെ.പി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരള ബി.ജെ.പി നേതൃത്വത്തിന് ഒട്ടും താൽപര്യമില്ലാത്ത ശോഭ സുരേന്ദ്രനു നേരത്തെ പാർട്ടിക്ക് 14 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന സ്ഥലത്ത് ഇരട്ടിയിലേറെ വോട്ടുകളാണിപ്പോൾ അവർ സമ്പാദിച്ചത്. ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും രണ്ടാംസ്ഥാനത്തുള്ള ഇടത് സ്ഥാനാർത്ഥി എ.എം ആരിഫുമായി രണ്ടായിരത്തിൽ പരം വോട്ടുകളുടെ വ്യത്യാസമേ ശോഭക്കുള്ളൂ എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group