തൃശൂര്‍– കേരളാ പോലീസില്‍ ബിജെപി അനുഭാവികളുടെ എണ്ണം കഴിഞ്ഞ കാലങ്ങളില്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. സിപിഎം, കോണ്‍ഗ്രസ് അനുഭാവികളായ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ സേനയില്‍ നേരത്തെയുണ്ടെങ്കിലും ബിജെപി അനുഭാവികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ തൃശൂരിലെ ബിജെപി പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യവും ഇക്കാര്യത്തിന് ബലമേകുന്നതാണെന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തൃശൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്കായി വീട്ടില്‍ നിന്നിറങ്ങും മുമ്പ് തനിക്ക് ഫോണ്‍ വന്നുവെന്നും തൃശൂരില്‍ ബിജെപിക്കാരെ കൈകാര്യം ചെയ്യാനായി പോലീസ് തയ്യാറായി നില്‍കുകയാണെന്നും വിളിച്ചയാള്‍ പറഞ്ഞതായും ശോഭ പറഞ്ഞിരുന്നു. പനിയോ ചെവിയില്‍ അസുഖമോ ഉണ്ടെങ്കില്‍ മുന്നില്‍ നില്‍ക്കേണ്ടതില്ലെന്നും വെള്ളം ചീറ്റിക്കുമെന്നും വിളിച്ച ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കേരളാ പൊലീസില്‍ അറുപതു ശതമാനവും മോഡി ഫാന്‍സാണെന്നും വിളിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നുമാണ് ശോഭ സുരേന്ദ്രന്‍ വിശദീകരിച്ചത്.
ശോഭാ സുരേന്ദ്രന്റെ പ്രസംഗത്തില്‍ പറഞ്ഞ രഹസ്യം കൈമാറിയ ഒറ്റുകാരന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരളാ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം. ഇയാളെ കണ്ടെത്താനായി ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നറിയുന്നു.