- സ്പീക്കർ എ.എൻ ഷംസീറിനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമെതിരേ മന്ത്രി എം.ബി രാജേഷിന്റെ അമ്പ്
കോഴിക്കോട്: എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ചതിൽ നിലപാട് കടുപ്പിച്ചും ചർച്ചയെ ന്യായീകരിച്ച സ്പീക്കർ എ.എൻ ഷംസീറിനെ തള്ളിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.
ഗാന്ധിവധത്തിൽ പങ്കുള്ളവരാണ് ആർ.എസ്.എസ്, അക്കാര്യം ന്യായീകരിക്കുന്നവർ മറക്കരുത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ ഊഴം വച്ച് എന്തിന് കണ്ടു? ഇതിൽ വ്യക്തത വേണം. ആർ.എസ്.എസുമായുള്ള എ.ഡി.ജി.പിയുടെ ചർച്ചയെക്കുറിച്ച് സ്പീക്കർ അങ്ങനെ പറയരുതായിരുന്നു. ഗാന്ധി വധത്തിൽ നിരോധിക്കപ്പെട്ട സംഘടന പ്രധാനപ്പെട്ടതെന്ന് പറയുമ്പോൾ ആ പ്രാധാന്യം എന്താണെന്ന ചോദ്യമുണ്ടാവുന്നു. അത് ഒഴിവാക്കേണ്ടതായിരുന്നു. ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് അത് ഇട നൽകുമെന്നും ബിനോയ് വിശ്വം ഓർമിപ്പിച്ചു.
എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ എ.ഡി.ജി.പിയെ ന്യായീകരിച്ച് ആർ.എസ്.എസ് രാജ്യത്തെ ഒരു പ്രധാന സംഘടനയാണന്ന് സ്പീക്കർ എ. എൻ ഷംസീർ ഇന്നലെ പറഞ്ഞിരുന്നു. എ.ഡി.ജി.പി, ആർ.എസ്.എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നും അത് ഗൗരവമായി കാണേണ്ടതില്ലെന്നും പറഞ്ഞ സ്പീക്കർ, മന്ത്രിമാരുടെ ഫോൺ ചോർത്തിയെന്ന പി.വി അൻവർ എം.എൽ.എയുടെ ആരോപണവും തള്ളിയിരുന്നു.
ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആർ.എസ്.എസ് നേതാക്കളുമായുള്ള എഡി.ജി.പിയുടെ കൂടിക്കാഴ്ചയ്‌ക്കെതിരേ പാർട്ടിക്കകത്തും പുറത്തും വൻ വിമർശങ്ങൾ ഉയരുന്നതിനിടെയായിരുന്നു ഷംസീറിന്റെ ആർഎസ്.എസ്-എ.ഡി.ജി.പി ന്യായീകരണം. സംഭവത്തിൽ ഇതുവരെയും നിലപാട് വ്യക്തമാക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയുള്ള ഈ വക്കാലത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശങ്ങളാണുള്ളത്.
ഷംസീറിന്റെ പ്രസ്താവനക്ക് ആർ.എസ്.എസിനെ നിരോധിച്ച കാലം ഓർമിപ്പിച്ച് മന്ത്രിയും മുൻ സ്പീക്കറുമായ എം.ബി രാജേഷും രംഗത്തെത്തിയിരുന്നു.
‘ആർ.എസ്.എസിനെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായി അറിയാം. സർദാർ വല്ലഭായ് പട്ടേൽ നിരോധിച്ച സംഘടനയാണത്’ എന്നായിരുന്നു മന്ത്രി ഇന്നലെ തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഒരു അദാലത്തിന്റെ സമാപനത്തിനിടെ, ‘രാഷ്ട്രീയ കാര്യങ്ങൾ ചോദിക്കാമോ’ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ട്രോളാനും മന്ത്രി രാജേഷ് മറന്നില്ല. ‘അദാലത്തിന് വന്നാൽ അദാലത്തിന്റെ കാര്യങ്ങൾ മാത്രമേ ചോദിക്കാവൂ എന്ന് പറയില്ലെന്നു’ പറഞ്ഞായിരുന്നു ട്രോളൽ. ‘ചോദിച്ചോളൂ, മറുപടി പറയണോ എന്ന് ഞാൻ തീരുമാനിക്കുമെന്ന്’ പറഞ്ഞ മന്ത്രി പക്ഷേ, രാഷ്ട്രീയ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടി പറയാതെ ഷംസീറിന്റെയും സുരേഷ് ഗോപിയുടെയും ശ്രദ്ധ ക്ഷണിക്കുന്ന മറുപടികൾ ഉയർത്തുകയായിരുന്നു ചെയ്തത്.