ന്യൂഡൽഹി / മുംബൈ: കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ സ്വർണ വിലയിൽ വൻ ഇടിവ്. ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതാണ് ഇതിന് കാരണം. ബജറ്റ് അവതരിപ്പിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും സ്വർണം പവന് 2000 രൂപ കുറഞ്ഞ് വില 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 രൂപയുമായി.
വരുംദിവസങ്ങളിൽ സ്വർണത്തിന് പവന് 5000 രൂപവരെ കുറയാൻ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. നിലവിൽ 15 ശതമാനമാണ് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനുള്ള കസ്റ്റംസ് ഡ്യൂട്ടി. ഇത് ആറു ശതമാനമാക്കി കേന്ദ്രം കുറച്ചത് സ്വർണ ഉപയോക്താക്കൾക്ക് ഏറെ ആശ്വാസമാണ് പകർന്നിട്ടുള്ളത്. ഇത് വിപണിയിൽ വൻ ചലനമുണ്ടാക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.
സ്വർണവ്യാപാരികളുടെ നിരന്തരമായ ആവശ്യങ്ങളിൽ ഒന്നായിരുന്നു കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കൽ. ഇതിന് കേന്ദ്രസർക്കാർ പച്ചക്കൊടി വീശിയതോടെ മഞ്ഞലോഹത്തിന്റെ വില കുറഞ്ഞുവെന്നു മാത്രമല്ല, സ്വർണക്കള്ളക്കടത്ത് തടയാനും ഏറ്റവും നല്ല മാർഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വർണത്തിന് പുറമെ, വെള്ളിക്കും പ്ലാറ്റിനത്തിനുമുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിലും കുറവ് വരുത്തിയതോടെ സ്വർണവ്യാപാര സ്ഥാപനങ്ങളുടെ ഓഹരികളുടെ മൂല്യവും കൂടിയതായാണ് പുതിയ റിപോർട്ടുകൾ. ബി.എസ്.ഇയിൽ സെൻകോ ഗോൾഡ് 6.16% ഉയർന്ന് 1,000.80 രൂപയിലും രാജേഷ് എക്‌സ്‌പോർട്ട്‌സ് 5.49% ഉയർന്ന് 313.90 രൂപയിലും ടൈറ്റൻ കമ്പനിയുടെ ഓഹരികൾ 3.66% ഉയർന്ന് 3,371.65 രൂപയിലും വ്യാപാരം നടത്തി.