ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തോട് മുഖം തിരിച്ച് കേന്ദ്ര സർക്കാർ. നരേന്ദ്ര മോഡി സർക്കാറിന്റെ മൂന്നാമൂഴം ഉറപ്പിക്കാൻ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ ബീഹാറിനും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ആന്ധ്രാപ്രദേശിനും കോടികളുടെ പാക്കേജുകൾ വാരിക്കോരി നൽകിയപ്പോഴും കേരളത്തിന് കാര്യമായ പദ്ധതികളൊന്നുമില്ലാതെ പൂർണമായും അവഗണിക്കുകയായിരുന്നു. കേരളത്തിൽനിന്ന് രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായെങ്കിലും അതിന്റെ യാതൊരു ഗുണവും ബജറ്റിൽ സംസ്ഥാനത്തിനുണ്ടായില്ല.
കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യങ്ങൾ പോലും മൂന്നാം മോഡി സർക്കാറിന്റെ ബജറ്റിൽ ഇടം പിടിച്ചില്ല. പലരുടെയും പ്രീതിക്കായി വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചപ്പോഴും കേരളം വർഷങ്ങളായി മുന്നോട്ടുവയ്ക്കുന്ന എയിംസ് പോലുള്ള സ്വപ്‌നപദ്ധതികൾക്ക് കേന്ദ്രം പച്ചക്കൊടി കാണിച്ചില്ല.
പകർച്ചവ്യാധി അടക്കമുള്ള അപൂർവ വ്യാധികളിൽ വിറച്ചുനിൽക്കുന്ന കേരളത്തിന് എയിംസ് അനുവദിച്ചുള്ള പ്രഖ്യാപനം ഇത്തവണ ഉണ്ടാകുമെന്നാണ് പൊതുവെ കരുതിയത്. എയിംസ് അനുവദിക്കണമെന്നും അതിനുവേണ്ട എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഓർമിപ്പിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി 5,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യവും ഗൗനിച്ചില്ല. വിഴിഞ്ഞത്തിന് അനുകൂലമായും ഒരു പ്രഖ്യാപനവും ഉണ്ടായില്ല. കാർഷിക മേഖലയിൽ റബറിനോ തെങ്ങിനോ പേരെടുത്തുപറഞ്ഞുളള ഒരു പ്രഖ്യാപനവും ഉണ്ടായില്ല. കേരളത്തിലെ പുതിയ ടൂറിസം പദ്ധതികൾക്ക് സഹായകമായ പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടം പിടിച്ചില്ല.
പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിൽ പോലും കേരളത്തെ ഉൾപ്പെടുത്താതെ കടുത്ത വിവേചനമാണുണ്ടായത്. ബിഹാർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. വ്യവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തിലും പുറത്തായിരുന്നു കേരളത്തിന്റെ സ്ഥാനം.
കേരളം 24,000 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ഇത്രമാത്രം നിരുത്തരവാദപരമായ ഒരു ബജറ്റ് കേരളത്തോടുള്ള വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ലെന്ന വിമർശം ശക്തമാണ്. പകർച്ചവ്യാധി പരിശോധന സംവിധാനങ്ങളുടെ ആധുനിക സ്ഥാപനങ്ങളും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജലജന്യരോഗങ്ങളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഗവേഷണ രോഗനിർണയ കേന്ദ്രങ്ങൾ കേരളം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും പേരിനുപേലും പരിഗണിക്കാതെയാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിൽ നിന്ന് തങ്ങളുടെ ഒരു എം.പിയെ വിജയിപ്പിച്ച് കാണിച്ചാൽ സംസ്ഥാനത്തെ വികസിത സംസ്ഥാനമാക്കി മാറ്റുമെന്ന് ബി.ജെ.പി നേതാക്കൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പെരുമ്പറ മുഴക്കിയിരുന്നു. അതിനാൽ തന്നെ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് പ്രഖ്യാപനമാണ് മലയാളികളെ ഒന്നടങ്കം നിരാശപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group