തിരുവനന്തപുരം: ദമ്പതികൾ സഞ്ചരിച്ച കാറിന് മീതെ ശക്തമായ കാറ്റിൽ ആൽമരം കടപുഴകി വീണ് യുവതി മരിച്ചു. തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കരകുളം ആറാംകല്ലിലാണ് അപകടം. തൊളിക്കോട് പരപ്പാറ മാൻങ്കാട് സ്വദേശിനി മോളി (42) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടോടെയാണ് സംഭവം.
ഭർത്താവിനൊപ്പം വിതുരയിലേക്ക് പോകവെയാണ് അപകടം. ഫയർഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ട് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ട ദമ്പതികളെ പുറത്ത് എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റാനുള്ള ശ്രമം തുടരുകയാണ്. കാർ പൂർണമായും തകർന്നു. വൈദ്യുതി ലൈനുകളും തകർന്നു. ഇതുവഴിയുള്ള വാഹന ഗതാഗതം സ്തംഭിച്ചു. പേരൂർക്കട വഴയില മുതൽ ഏണിക്കര വരെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. രാത്രി വൈകിയും വൈദ്യുതി ബന്ധവും വാഹന ഗതാഗതവും പുനഃസ്ഥാപിക്കാനായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group