തിരുവനന്തപുരം– സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഇടക്കിടെയായിട്ടാണ് ചില പ്രദേശങ്ങളില്‍ പെയ്യുന്നതെങ്കിലും മഴ ശക്തമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നാളെയും മറ്റെന്നാളും അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ എടുത്തുപറഞ്ഞു. വിവിധ ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചതിനു പുറമെ കാസര്‍ക്കോട് നദികളിലും പ്രത്യേക അലര്‍ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് (ജൂലൈ 18) ഉച്ചയോടെ തുറന്നു. ഒരു ഷട്ടറിന്റെ 15 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഡാം തുറന്നതിനാല്‍ ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ള പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകള്‍, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം. വെള്ളം കയറുന്ന ഭാഗങ്ങളില്‍ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കില്‍ ഒഴിപ്പിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഡാം സ്പില്‍വേയുടെ മുന്നില്‍ പുഴയില്‍ ഇറങ്ങുന്നതില്‍ നിന്ന് ആളുകള്‍ പിന്തിരിയണമെന്നും ഇത് അപകടമുണ്ടാക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. ശനിയാഴ്ചയായ നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട ആയിരിക്കും.
ജൂലൈ 20 ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. അപകടകരമായ രീതിയില്‍ ജലനിരപ്പ് തുടരുന്നതിനാല്‍ സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിലും ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓറഞ്ച് അലര്‍ട്ട്, കാസര്‍കോട് : ഉപ്പള (ഉപ്പള സ്റ്റേഷന്‍). മഞ്ഞ അലര്‍ട്ട്, കാസര്‍കോട് : മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍). യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞു.