കല്‍പ്പറ്റ: മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ വാര്‍ഡില്‍ സഹിക്കാവുന്നതിനും അപ്പുറമുള്ള വേദനയ്ക്കിടയിലും എട്ടുവയസുകാരി അവന്തിക അമ്മമ്മയോട്(മാതാവിന്റെ അമ്മ) ചോദിച്ചു: അമ്മ എവിടെ? ഇതുകേട്ട അമ്മമ്മ ലക്ഷ്മി മിഴിനീര്‍ മറച്ചുവച്ച് പേരമകള്‍ക്ക് ഉത്തരം നല്‍കി: അടുത്ത മുറിയിലുണ്ട്. അപ്പോള്‍, നമുക്ക് അങ്ങോട്ട് പോകാമെന്നായി അവന്തിക. ഇതിനോടു പ്രതികരിക്കാനാകാതെ ലക്ഷ്മി അടുത്തുള്ള കിടയ്ക്ക് അടുത്തേക്ക് മാറി അവന്തിക കാണാതെ തേങ്ങി.
മുണ്ടക്കൈയില്‍ എസ്റ്റേറ്റ് പാടിമുറിയില്‍ താമസിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ പ്രശോഭിന്റെയും ഹാരിസണ്‍സ് തേയിലത്തോട്ടം തൊഴിലാളി വിജയലക്ഷ്മിയുടെയും മകളാണ് അമ്മു എന്നും പേരുള്ള അവന്തിക. 14 വയസുള്ള സഹോദരന്‍ അച്ചുവും അമ്മമ്മ ലക്ഷ്മിയും അടങ്ങുന്നതായിരുന്നു വെള്ളാര്‍മല സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന അവന്തികയും കുടുംബം. ഉരുള്‍പൊട്ടലിനു പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരില്‍ ചിലരാണ് ഒഴുക്കില്‍പ്പെട്ട് ഗുരതര പരിക്കേറ്റ നിലയില്‍ അവന്തികയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്.
അവന്തികയുടെ വലതുകാലിന് പൊട്ടലുണ്ട്. കല്ലിലും മറ്റും തട്ടിയുണ്ടായ ചതവിന്റെ പാടുകളാണ് മുഖം നിറയെ. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കുണ്ട്. അവന്തികയുടെ മാതാവിന്റെയും സഹോദരന്റെയും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തി. പ്രശോഭിനെക്കുറിച്ച് ഇന്നലെയും വിവരമില്ല. ഈ വിവരം അറിയിക്കാതെയാണ് അവന്തികയെ അമ്മമ്മ ആശുപത്രിക്കിടക്കയില്‍ പരിപാലിക്കുന്നത്.
ഉരുള്‍പൊട്ടി മുണ്ടക്കൈ ദുരന്തഭൂമിയായ നാളില്‍ ലക്ഷ്മി പാടിമുറിയില്‍ ഉണ്ടായിരുന്നില്ല. മലപ്പുറത്ത് ജോലി ചെയ്യുന്ന വീട്ടിലായിരുന്നു അവര്‍. ദുരന്തം അറിഞ്ഞ് തീപിടിച്ച മനസുമായി ജോലിസ്ഥലത്തുനിന്നു എത്തിയ അവരെ കാത്തിരുന്നത് കരള്‍ പിളര്‍ക്കുന്ന വൃത്താന്തം. തമിഴ്‌നാട്ടിലെ മധുരയില്‍നിന്നു പതിറ്റാണ്ടുകള്‍ മുന്‍പ് മുണ്ടക്കൈയില്‍ എത്തിയതാണ് ലക്ഷ്മി.