കൊച്ചി: കാമപൂർത്തീകരണത്തിന് പിഞ്ചു കുഞ്ഞിനെയും വൃദ്ധയെയും കൊലപ്പെടുത്തിയ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്ത വിധിയിൽ നിർണായകമായത് മിറ്റിഗേഷൻ റിപോർട്ട്.
പ്രതി ജയിലിൽ സഹതടവുകാരോട് നന്നായി പെരുമാറിയതും ഇയാൾക്ക് നേരത്തെ ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നതും ഭാവിയിൽ മാനസാന്തരത്തിനുള്ള സാധ്യതയായി ഹൈക്കോടതി പരിഗണിക്കുകയായിരുന്നു.
നിനോ ജയിലിൽ ജോലികൾ കൃത്യമായി ചെയ്യുന്നു. വൃദ്ധമാതാപിതാക്കളും മകളും ജയിലിൽ പതിവായി സന്ദർശിക്കുന്നുണ്ട്. ഇവരോട് നല്ല ബന്ധമാണ്. അനുസരണയോടെയാണ് കഴിയുന്നത്. നിനോയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന കാര്യം പ്രത്യേകം കണക്കിലെടുക്കുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയാൽ സമൂഹവുമായി പൊരുത്തപ്പെട്ടു ജീവിക്കുമെന്നാണ് കോടതി നിയോഗിച്ച സന്നദ്ധ സംഘടന തയ്യാറാക്കിയ മിറ്റിഗേഷൻ റിപോർട്ടിലുള്ളത്.
എന്നാൽ, മുഖ്യപ്രതി നിനോക്കെതിരേയുള്ള കുറ്റം സംശയാതീതമായി തെളിഞ്ഞതിനാൽ, 25 വർഷം പരോൾ ഇല്ലാതെ ശിക്ഷ അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ ഇളവ് ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ
2014-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ടെക്‌നോപാർക്കിലെ ജീവനക്കാരായിരുന്ന നിനോ മാത്യുവും അനുശാന്തിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, നേരത്തെ വിവാഹിതയായിരുന്ന അനുശാന്തിക്ക് ഈ ബന്ധത്തിൽ നാല് വയസ്സുള്ള കുഞ്ഞുണ്ടായിരുന്നു. സ്വാസ്തികയെന്ന ഈ കുഞ്ഞിനെയും ഭർത്താവിന്റെ അമ്മ ഓമനയെയും കൊലപ്പെടുത്തിയ കേസിലാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്.
നിനോ മാത്യുവാണ് കൊലപാതകം നടത്തിയത്. അനുശാന്തി നിനോവിന് ഫോണിലൂടെ അയച്ച വീടിന്റെ ചിത്രങ്ങളും വഴിയമടക്കമുള്ള ഡിജിറ്റിൽ തെളിവുകൾ നിർണ്ണായകമായ കേസിൽ 2016 ഏപ്രിലിലാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്. നിനോ മാത്യുവിനെ വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തം തടവിനുമാണ് കോടതി ശിക്ഷിച്ചത്.
കാമ പൂർത്തീകരണത്തിനാണ് പ്രതികൾ പിഞ്ച് കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയതെന്നും ഗൾഫിലെ മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുർഗന്ധം മാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനിടെ ഒന്നാം പ്രതിക്ക് വധശിക്ഷ ഒഴിവാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് സംസ്ഥാന സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group