(കാവനൂർ) മലപ്പുറം: ഭർത്താവ് വിദേശത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് പണംതട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത കാവനൂർ വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരാണ് പോലീസ് പിടിയിലായത്. തിരൂരങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.
യുവതിയുടെ ഭർത്താവും സുഹൃത്തും ഒളിവിലാണെന്ന് അരീക്കോട് പോലീസ് പറഞ്ഞു. യുവതിയുമായി നാലുദിവസം മുമ്പ് സമൂഹ മാധ്യമത്തിലൂടെയാണ് യുവാവ് പരിചയപ്പെട്ടത്. തുടർന്ന് ഭർത്താവ് ഗൾഫിലാണെന്നു പറഞ്ഞ് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതനുസരിച്ച് എത്തിയപ്പോഴാണ് ഗൂഢ പദ്ധതിയിലൂടെ മർദ്ദിച്ച് പണം തട്ടാൻ ശ്രമമുണ്ടായതെന്നാണ് വിവരം.
ഞായറാഴ്ച വീടിനടുത്തെത്തിയ യുവാവിനെ അൻസീനയുടെ ഭർത്താവ് ശുഹൈബ് (27), സഹോദരൻ ഷഹബാബ്, സുഹൃത്ത് മൻസൂർ എന്നിവർ ചേർന്ന് സമീപത്തെ ക്വാറിയിലെത്തിച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. യുവതി, യുവാവിനെ വിളിച്ച് അക്രമിസംഘം ആവശ്യപ്പെടുന്നത് നൽകണമെന്നും ഇല്ലെങ്കിൽ അവർ വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിക്കുമെന്നും പറഞ്ഞാണത്രെ തട്ടിപ്പിന് കളമൊരുക്കിയത്.
യുവാവിന്റെ കൈയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തുവെന്നും തുടർന്ന് രണ്ടുലക്ഷം രൂപകൂടി ആവശ്യപ്പെട്ട് യുവാവിനോട് വിലപേശിയതായും പരാതിക്കാരൻ വെളിപ്പെടുത്തി. ശേഷം സുഹൃത്തുക്കൾ മുഖേന 25,000 രൂപ യുവാവ് ഗൂഗിൾപേ വഴി തട്ടിപ്പ് സംഘത്തിന് നൽകിയതായും പറയുന്നു.
അരീക്കോട്ടെ മൊബൈൽ കടയിൽനിന്ന് യുവാവിന്റെ പേരിൽ ഇ.എം.ഐ വഴി രണ്ട് മൊബൈൽ ഫോൺ വാങ്ങാനും തട്ടിപ്പുസംഘം ശ്രമിക്കുകയുണ്ടായി. ഇതിൽ സംശയം തോന്നിയ യുവാവിന്റെ സുഹൃത്തുക്കളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികൾ സമാന തട്ടിപ്പ് മുമ്പും നടത്തിയതായി സംശയിക്കുന്നുണ്ട്. സംഭവത്തിൽ വിവിധ പരാതികളിൽ കേസെടുത്ത് കൂടുതൽ തെളിവുകൾ ശേഖരിച്ച് മുഴുവൻ പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.