മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ഇന്ത്യ മുന്നണിയിലുള്ള ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. തേങ്ങയും ചാണകവും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ രണ്ട് വാഹനങ്ങളുടെ ചില്ല് തകർന്നതായാണ് റിപോർട്ട്.
എം.എൻ.എസ് എന്ന മഹാരാഷ്ട്രയിലെ നവനിർമാൺ സേന പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണവുമായി ബന്ധപ്പെട്ട് 20-ലേറെ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുടെ കാറിന് നേരെ വെറ്റിലയും തക്കാളിയും ഉപയോഗിച്ച് ആക്രമണം നടത്തിയതിനുള്ള പ്രതികാരമാണിതെന്നാണ് അക്രമികൾ പറയുന്നത്. കൂടുതൽ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാൻ ഇരുവർക്കും സുരക്ഷ വർധിപ്പിച്ച് ജാഗ്രത തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
അതിനിടെ, ഉദ്ധവ് താക്കറെക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് എം.എൻ.എസ് നേതാവ് അവിനാഷ് ജാദവ് രംഗത്തെത്തി. ‘നിങ്ങൾ വെറ്റില കൊണ്ട് എറിഞ്ഞു, അതിന് തേങ്ങ കൊണ്ട് ഞങ്ങൾ മറുപടി തന്നു. ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന്റെ 17 ഓളം വാഹനങ്ങൾ തേങ്ങ ഉപയോഗിച്ച് നശിപ്പിച്ചു. ശിവസേന പ്രവർത്തകരോട് ഒന്നേ പറയാനൊള്ളൂ… മറ്റ് നേതാക്കളെ കുറിച്ച് നിങ്ങൾക്ക് എന്തും പറയാം…പക്ഷേ രാജ് താക്കറെക്കുറിച്ച് വേണ്ട, ഇത്തവണ ഞങ്ങൾ ഗഡ്കരി ഹാളിൽ എത്തി. അടുത്ത തവണ ഞങ്ങൾ നിങ്ങളുടെ വീട്ടിലായിരിക്കും എത്തുകയെന്ന്’ അവിനാഷ് ജാദവ് വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഉദ്ധവ് താക്കറെയും രാജ് താക്കറെയും തമ്മിൽ രൂക്ഷമായ വാക്ക്‌പോര് ഉണ്ടായിരുന്നു. ഇതിന്റെ അലയൊലികൾ സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. നടത്തിയിരുന്നു.