മലപ്പുറം: ഹയർ സെക്കണ്ടറി പരീക്ഷയിൽ ‘അറബിക്കിൽ 200 ൽ 200 മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സി.എസ്.അരുന്ധതിയുടെ വിജയത്തിന് തിളക്കമേറെ. മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ ചീരക്കുഴി സുരേഷിൻ്റെയും സുമിത്രയുടെയും മകളായ അരുന്ധതി അറബിക്കിൽ 200 മാർക്കുൾപ്പെടെ 1200 ൽ 1159 മാർക്ക് നേടിയാണ് വിജയിച്ചത്.
പള്ളിപ്പുറം യു.പി.സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ തന്നെ എല്ലാ വിഷയങ്ങളെയും പോലെ ഒരു ഭാഷ എന്ന നിലയിൽ അറബിക് കൂടി പഠിക്കണമെന്ന അച്ചൻ സുരേഷിൻ്റെ താൽപര്യപ്രകാരം അറബിക് പാഠപുസ്തകം കൂടി വാങ്ങി പഠിച്ച് തുടങ്ങിയ അരുന്ധതി എൽ.പി.തലത്തിൽ തന്നെ അറബിക് നന്നായി എഴുതാനും വായിക്കാനും പഠിച്ചു.അതോടെ ഒന്നാം ഭാഷയായി അറബിക് തുടർന്ന് പഠിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഏഴാം ക്ലാസിൽ നിന്ന് യു.എസ്.എസും എട്ടാം ക്ലാസിൽ നിന്ന് എൻ.എം.എം.എസും നേടിയതോടെ അറബിയിൽ കൂടുതൽ താൽപര്യമായി. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും അധ്യാപകരുടെ പ്രോത്സാഹനവും ഏറെ സഹായകരമായി.
എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലും പഠനം തുടർന്നത്. 2022 ൽ എസ്.എസ് ‘എൽ.സിയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അരുന്ധതി പാഠ്യേതര മേഖലയിലും മികവ് പുലർത്തി ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അറബിക് കലാമേളകളിൽ സ്ഥിരമായി പങ്കെടുത്തു.
യു.പി.തലം അറബിക് മോണോ ആക്ടിൽ സബ് ജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, അറബിക് ഗ്രൂപ്പ് ഗാനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി. ശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൽ എൽ.പി. മുതൽ പ്ലസ്ടു വരെ സബ് ജില്ലാതലത്തിൽ എ.ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന ശാസ്ത്രമേളയിൽ യു.പി.തലത്തിൽ എ.ഗ്രേഡ്, ജില്ലാ സ്കൂൾ കലാമേളയിൽ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡ്, സംസ്ഥാന കേരളോൽസവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം എന്നിവ നേടിയിട്ടുണ്ട്. യു പി.ഹൈസ്കൂൾ അറബി അധ്യാപകരായ ഹഫ്സത്ത്, ജമീല, സഫിയ, ജൗഹറ, റിയാസ് അൻവർ എന്നിവർ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നതായി അരുന്ധതി പറഞ്ഞു.
മൂന്ന്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങളായ അന്വയ്, അനവദ്യ എന്നിവരും അറബി പഠിക്കുന്നുണ്ട്.