മറിയം അലക്‌സാണ്ടര്‍ ബേബി എന്ന കൊല്ലം പ്രാക്കുളത്തുകാരന് ഇന്നലെ ( ഏപ്രില്‍ അഞ്ച്) സപ്തതിയുടെ സാഫല്യം. ഏഴു പതിറ്റാണ്ടിന്റെ കര്‍മനിരതമായ ജീവിതം സി.പി.ഐ (എം) മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയൊരു വഴിത്തിരിവിലേക്ക് മാറുന്നതും ഈ പിറന്നാള്‍ ദിനപിറ്റേന്ന് എന്നത് ആകസ്മികമാാകാം. രാജ്യം അതിന്റെ ഏറ്റവും ഭീഷണവും ഭീതിദവുമായ വെല്ലുവിളികളെ നേരിടുമ്പോള്‍ അവയെ പ്രതിരോധിക്കാന്‍ നെഞ്ചുറപ്പ് കാണിക്കുന്ന ഇടത്പക്ഷ പ്രസ്ഥാനത്തിന്റെ കൊച്ചുതുരുത്തായ കേരളത്തില്‍ നിന്നുള്ള ഈ നേതാവ് ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃപദവിയിലെത്തുന്നത് പുരോഗമനകാംക്ഷികള്‍ ഏറെ പ്രതീക്ഷയോടെയും അതേ സമയം ഉല്‍കണ്ഠയോടെയുമാണ് വീക്ഷിക്കുന്നത്. രാജ്യഭരണം കൈയാളുന്ന പാര്‍ട്ടിയുടെയും സംവിധാനത്തിന്റേയും ‘കണ്ണിലെ കരടാ ‘ യ ഒരു പാര്‍ട്ടിയുടെ അമരത്തേക്ക് ഇതാദ്യമായാണ് ഒരു ന്യൂനപക്ഷ മതവിഭാഗത്തില്‍ ജനിച്ച നേതാവ് എത്തിപ്പെടുന്നുവെന്നതും പുതിയ കാലത്ത് അരോചകമായ ചില അരുതായ്കകളുണ്ടാക്കുന്നുണ്ടാവും, ചിലരിലെങ്കിലും.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി – മാര്‍ക്‌സിസ്റ്റിന്റേയും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിപ്പെട്ടവര്‍ ഭൂരിപക്ഷവും ഉയര്‍ന്ന ജാതിയില്‍ ജനിച്ച നേതാക്കളായിരുന്നു. ഇതിനൊരു അപവാദമാണ് ദളിത് സമുദായാംഗമായ സി.പി.ഐ ജനറല്‍ സെക്രട്ടറി ദൊരൈസ്വാമി രാജ.
എം.എ ബേബി സി.പി.ഐ (എം) ജനറല്‍ സെക്രട്ടറിയാകുന്നതോടെ, ഇന്ത്യന്‍ ഭരണാധികാരികളുടെ ന്യൂനപക്ഷവിവേചനം തുറന്നുകാട്ടുന്നതിനും മതേതര ഇന്ത്യയുടെ ചോര്‍ന്നുപോകുന്ന പൈതൃകം വീണ്ടെടുക്കാനും ഒരു പരിധി വരെ അദ്ദേഹത്തിന്റെ നേതൃപരമായ പോരാട്ടം സഹായകമായേക്കും.
എസ്.എഫ്.ഐയുടേയും ഡി.വൈ.എഫ്.ഐയുടേയും അഖിലേന്ത്യാ നേതൃപദവിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ച ബേബി രാജ്യസഭാംഗമായ കാലത്താണ് ദേശീയ രാഷ്ട്രീയത്തിന്റെ – പ്രത്യേകിച്ചും ഇടതുപക്ഷ മതേതര കക്ഷികളുടെ – ശ്രദ്ധ അദ്ദേഹത്തിലേക്ക് പതിഞ്ഞത്. മികച്ച വായനക്കാരനും ഉയര്‍ന്ന ചിന്താഗതി വച്ചുപുലര്‍ത്തുന്ന ധിഷണാശാലിയായ യുവനേതാവുമെന്ന നിലയില്‍ ഡല്‍ഹിരാഷ്ട്രീയത്തില്‍ ഇടത്പക്ഷ പ്രസ്ഥാനത്തിന് വിസ്മയകരമായ വിരലൊപ്പുകള്‍ ചാര്‍ത്തിയ നേതാവായി മാറി. പാര്‍ലമെന്റിനകത്തും പുറത്തും ഉല്‍പതിഷ്ണുത്വത്തോടെയും സുധീരവുമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയ ബേബി, ലോക ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയും ആഗോള കമ്യൂണിസ്റ്റ് രാജ്യങ്ങളുടേയും അതിഥിപ്പട്ടികയിലും വളരെ വേഗം ഇടം നേടി.

ക്യൂബന്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ അതിഥിയായി ഹവാനയില്‍ പോയിട്ടുള്ള ബേബി ഫിഡല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സോവ്യറ്റ് ബ്ലോക്ക് രാജ്യങ്ങള്‍ വേര്‍പിരിഞ്ഞതോടെ 1992 ല്‍ ക്യൂബ നേരിട്ട ഭക്ഷ്യക്ഷാമ കാലത്ത് കൊല്‍ക്കത്തയിലെ ഹാല്‍ദിയില്‍ നിന്ന് കപ്പല്‍മാര്‍ഗം പതിനായിരം ടണ്‍ അരിയും ഗോതമ്പും കയറ്റിഅയക്കാനുള്ള സി.പി.എമ്മിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത് എം.എ ബേബിയായിരുന്നു.
കലാസാംസ്‌കാരിക രംഗങ്ങളില്‍ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള എം.എ. ബേബി മുന്‍കൈയെടുത്താണ് ഡല്‍ഹിയില്‍ സ്വരലയ എന്ന സംഘടനക്ക് നേതൃത്വം വഹിച്ചത്. മാസം തോറും ഇന്ത്യാ ഇന്റര്‍നാഷനല്‍ സെന്ററില്‍ സംഗീത-നൃത്ത നിശകള്‍ സംഘടിപ്പിച്ചു. രുക്മിണി ദേവി അരുണ്ടേല്‍, മൃണാളിനി സാരാഭായ്, കേളു ചരണ്‍മഹാപത്ര, സംയുക്ത പാണിഗ്രാഹി എന്നിവരുടെ നൃത്തപരിപാടികള്‍ നടത്തുന്നതിലും ബേബിയും സ്വരലയയിലെ സഹപ്രവര്‍ത്തകരും മുന്‍കൈയെടുത്തു. കെ.ആര്‍. നാരായണന്‍ ഉപരാഷ്ട്രപതിയായ കാലത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സുകുമാരി നരേന്ദ്രമേനോന്റെ സംഗീതക്കച്ചേരി നടത്താന്‍ സാധിച്ചത് എം.എ ബേബിയുടേയും വി.കെ.മാധവന്‍കുട്ടിയുടേയും (മാതൃഭൂമി) മറ്റും താല്‍പര്യപ്രകാരമായിരുന്നു.
ഉപരാഷ്ട്രപതിഭവനിലെ ആ സംഗീതക്കച്ചേരിക്ക് അന്ന് ഡല്‍ഹിയിലുണ്ടായിരുന്ന ഈ ലേഖകനും കുടുംബത്തിനും പങ്കെടുക്കാന്‍ സാധിച്ചത് എം.എ ബേബിയുടെ സൗമനസ്യത്തോടെയുള്ള ക്ഷണം കാരണമായിരുന്നു. കെ.ആര്‍. നാരായണന്‍ ഉപരാഷ്ട്രപതിയാകുമ്പോഴും രാഷ്ട്രപതിയാകുമ്പോഴും ഏറ്റവും അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ച കോണ്‍ഗ്രസുകാരനല്ലാത്ത നേതാവായിരുന്നു എം.എ ബേബി. യു.പി.എ സര്‍ക്കാരിന്റെ നയപരമായ നിലപാടുകളില്‍ നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരെ സഹായിക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന നേതാവായിരുന്നു ബേബി.

രാജ്യസഭാ കാലാവധി അവസാനിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരികയും വിദ്യാഭ്യാസമന്ത്രിയാവുകയും ചെയ്ത ബേബി തന്റെ വിപ്ലവകരമായ പല പദ്ധതികളും ആവിഷ്‌കരിച്ചു. സി.പി.എമ്മിനകത്തെ വിഭാഗീയതയുടെ കാലത്ത് വി.എസിന്റെ പക്ഷക്കാരനെന്ന പഴി പലപ്പോഴും കേട്ടിരുന്നുവെങ്കിലും ഒരു കോംപ്രമൈസ് പാതയിലായിരുന്നു പലപ്പോഴും ബേബിയും കെ. സുരേഷ്‌കുറുപ്പുമൊക്കെ എന്ന് തോന്നിയിട്ടുണ്ട്. എന്തായാലും ഏറെക്കാലം നിശ്ശബ്ദതയുടെ പുറംതോടിനകത്തായിരുന്ന ബേബി പോളിറ്റ് ബ്യൂറോയിലെത്തിയ ശേഷം പാര്‍ട്ടിയുടെ ദേശീയ – സാര്‍വദേശീയ രംഗങ്ങളിലെ ഉജ്വലനായ വക്താവായി മാറുന്നതാണ് പിന്നീട് കണ്ടത്. ഒരു പക്ഷേ ഡല്‍ഹി രാഷ്ട്രീയത്തില്‍ തന്നെ നിലയുറപ്പിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് അവരോധിതനാകാനുള്ള കരിസ്മയുള്ള നേതാവായിരുന്നു ബേബി.
സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള ഈ ആരോഹണം തീര്‍ച്ചയായും ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ അസ്തിത്വം ആഴത്തിലുറപ്പിക്കുന്നതിനും വര്‍ഗീയ-പ്രതിലോമശക്തികള്‍ക്കെതിരായ സമരമുഖം സുശക്തമാക്കുന്നതിനുമുള്ള കനപ്പെട്ട ഉത്തരവാദിത്തമാണ് എം.എ ബേബിയുടെ ചുമലില്‍ കാലം അര്‍പ്പിച്ചിട്ടുള്ളത്.