ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ കിഴക്കൻ അസർബൈജാനിൽ അപകടത്തിൽപ്പെട്ടുവെന്ന വാർത്തയുടെ മുമ്പിലാണ് ലോകം. മോശം കാലാവസ്ഥയെ തുടർന്ന് വിമാനം അപകടത്തിൽ പെട്ട പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ സൈന്യം സമ്പൂർണ്ണമായ ശേഷി ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അപകടം സംഭവിച്ച് ഏറെ മണിക്കൂറുകൾ പിന്നിട്ടെങ്കിലും ഇപ്പോഴും പൂർണ്ണമായ വിവരം ലഭ്യമായിട്ടില്ല.
ഫലസ്തീൻ നേതാവ് യാസർ അറഫാത്ത് വിമാനാപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതുപോലെ ഇബ്രാഹിം റെയ്സിയോ തിരിച്ചുവരുമോ എന്നറിയാൻ ലോകം കാത്തിരിക്കുന്നു. 1992-ഏപ്രിലിലാണ് ഫലസ്തീൻ നേതാവ് യാസർ അറാഫത്ത് സഞ്ചരിച്ച വിമാനം ലിബിയയിലെ വിദൂരമായ പ്രദേശത്ത് തകർന്നുവീണത്. വിമാനത്തിലെ മൂന്ന് ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്തു. അത്ഭുതകരമായ രക്ഷപ്പെടലായിരുന്നു യാസർ അറഫാത്തിന്റേത്.
വിമാനം തകർന്നുവീഴുന്ന സമയത്ത് 62 ആയിരുന്നു അറഫാത്തിന്റെ പ്രായം. ചെറിയ ചതവുകൾ മാത്രമാണ് അദ്ദേഹത്തിന് അപകടത്തിൽ സംഭവിച്ചത്. തെക്കുകിഴക്കൻ ലിബിയയിലെ ഫലസ്തീൻ പരിശീലന ക്യാമ്പിന് സമീപം മണൽക്കാറ്റിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു.
ട്രിപ്പോളിയിൽ നിന്ന് 125 മൈൽ കിഴക്ക് മെഡിറ്ററേനിയൻ തീരത്തുള്ള മിസ്രതയിലെ ആശുപത്രി കിടക്കയിലായിരുന്നു അറഫാത്തിനെ ചികിത്സിച്ചത്. അന്നത്തെ ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫി അദ്ദേഹത്തെ സന്ദർശിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അറബ് ലോകത്ത് ആത്യന്തികമായി അതിജീവിച്ച വ്യക്തിയെന്ന നിലയിൽ അറഫാത്ത് വീണ്ടും തന്റെ ഖ്യാതി വർധിപ്പിച്ചു. 50 ദശലക്ഷത്തോളം വരുന്ന ഫലസ്തീനികൾ ആഹ്ലാദാരവങ്ങളോടെയാണ് അറഫാത്തിന്റെ രക്ഷപ്പെടൽ ആഘോഷിച്ചത്.
ലിബിയയുടെ അതിർത്തിയോട് ചേർന്ന് മാതൻ സാറ പരിശീലന ക്യാമ്പിന് സമീപം റഷ്യൻ നിർമ്മിത ടർബോപ്രോപ്പ് വിമാനത്തിലാണ് അറഫാത്തും പതിമൂന്നു പേരും സഞ്ചരിച്ചിരുന്നത്. ഫലസ്തീനിയൻ പൈലറ്റും കോപൈലറ്റും കിഴക്കൻ യൂറോപ്യൻ പൗരത്വമുള്ള ഒരു എഞ്ചിനീയറും കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിമാനത്തിൽ ഇന്ധനം തീർന്നാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെ തുടർന്ന് ലാന്റ് ചെയ്യാൻ വേണ്ടി അനുകൂല സ്ഥലം അന്വേഷിച്ച് പറന്നാണ് ഇന്ധനം തീർന്നത് എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.
വിമാനം തകർന്നുവീണ് എട്ടോ ഒമ്പതോ മണിക്കൂറുകൾക്ക് ശേഷമാണ് അറഫാത്തിനെ കണ്ടെത്തിയത്. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ നടത്തിയ പട്രോളിംഗിലാണ് അറഫാത്തിനെ കണ്ടെത്തിയത്. സുഡാനീസ് അതിർത്തിയിൽ നിന്ന് 150 മൈലും ട്രിപ്പോളിയിൽ നിന്ന് 900 മൈൽ തെക്കുകിഴക്കുമായിരുന്നു ഈ ക്യാമ്പ്.
വിമാനം മൂന്ന് കഷണങ്ങളായി തകർന്നിരുന്നുവെന്ന് അറഫാത്തിനെ രക്ഷിച്ച ഫലസ്തീൻ ടീമിലെ അംഗവും ഫിസിഷ്യനുമായ ഖാലിദ് ഷിഹാദ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. രക്ഷാപ്രവർത്തകർ അറഫാത്തിനെ കണ്ടെത്തിയപ്പോൾ ഞങ്ങളോട് അദ്ദേഹം ആദ്യം പറഞ്ഞ വാക്കുകൾ, ‘ദൈവത്തിന് നന്ദി, ദൈവത്തിന് നന്ദി’ എന്നായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞതും വാർത്തായി.
സമാനമായ രക്ഷപ്പെടൽ ഇബ്രാഹിം റെയ്സിയുടെ കാര്യത്തിലും സംഭവിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോകം.