അറഫ – ഹാജിമാര്‍ അവരുടെ കര്‍മങ്ങളും അനുഷ്ഠാനങ്ങളും സുരക്ഷിതത്വത്തിലും സമാധാനത്തോടെയും നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കുന്ന നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്ന് അറഫ പ്രസംഗത്തിൽ ഹറം ഇമാമും ഖത്തീബുമായ ശൈഖ് മാഹിര്‍ അല്‍മഅയ്ഖ്‌ലി പറഞ്ഞു. അറഫ വിശ്വമഹാസംഗമത്തില്‍ പങ്കെടുത്ത ഇരുപതു ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകരെ അഭിസംബോധന ചെയ്ത് അറഫ നമിറ മസ്ജിദില്‍ നടത്തിയ ഖുതുബയിലാണ് ഇമാം ഇക്കാര്യം പറഞ്ഞത്.
അല്ലാഹുവിനെ ആരാധിക്കുന്നതിലെ അനുഷ്ഠാനത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രകടനമാണ് ഹജ് എന്നും ഇമാം പറഞ്ഞു. ഹജിന്റെ പുണ്യം നിറഞ്ഞ നിമിഷങ്ങളില്‍ സ്വന്തത്തിനും മാതാപിതാക്കള്‍ക്കും ബന്ധുമിത്രാതികള്‍ക്കും വേണ്ടി തീര്‍ഥാടകര്‍ പ്രാര്‍ഥിക്കണം. തന്റെ സഹോദരന്റെ അസാന്നിധ്യത്തില്‍ സഹോദരനു വേണ്ടി നടത്തുന്ന പ്രാര്‍ഥനക്ക് അല്ലാഹുവിന്റെ മാലാഖ ആമീന്‍ പറയുകയും അതേ പ്രാര്‍ഥനയുടെ പൊരുള്‍ പ്രാര്‍ഥിക്കുന്നയാള്‍ക്കും ലഭിക്കട്ടെയെന്ന് പറയുകയും ചെയ്യും.
കൊടുംദുരിതങ്ങള്‍ അനുഭവിക്കുന്ന ഫലസ്തീനിലെ സഹോദരങ്ങള്‍ക്കു വേണ്ടിയും ഹാജിമാര്‍ പ്രാര്‍ഥിക്കണം. രക്തദാഹികളും ഭൂമിയില്‍ കുഴപ്പങ്ങള്‍ വിതക്കുന്നവരുമായ ശത്രുവിന്റെ ഉപദ്രവം ഫലസ്തീനികള്‍ സഹിക്കുന്നു. ഫലസ്തീനികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും ശത്രു തടയുന്നു. തീര്‍ഥാടകര്‍ക്ക് നന്മകള്‍ ചെയ്തവരുടെ കൂട്ടത്തില്‍ പ്രാര്‍ഥനകള്‍ക്ക് ഏറ്റവും അര്‍ഹരായവര്‍ ഇരു ഹറമുകളുടെയും പരിചരണത്തിനും തീര്‍ഥാടകരുടെ സേവനത്തിനും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി ഉറക്കമിളച്ച് കഠിന പ്രയത്‌നം നടത്തുന്നവരാണ്. ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയുമാണെന്നും ശൈഖ് ഡോ. മാഹിര്‍ അല്‍മുഅയ്ഖ്‌ലി പറഞ്ഞു.
മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍, സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്, ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ്, ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് എന്നിവര്‍ നമിറ മസ്ജിദില്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.