കോഴിക്കോട് – കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയപ്പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നുവെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കുശേഷം വേദന കൂടുതൽ ശക്തമായതോടെയാണ് പിഴവ് തിരിച്ചറിഞ്ഞത്. തുടർന്ന് രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞത് നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടതായും കുടുംബം വ്യക്തമാക്കി.
വാഹനാപകടത്തെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലുള്ള 24 വയസ്സുള്ള അജിത്ത് എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും പ്രത്യേകിച്ച് കാരണമില്ലാതെ ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നുവെന്നും തങ്ങൾ വാങ്ങിനൽകിയ കമ്പിയല്ല ഇട്ടതെന്നും അജിത്തിന്റെ അമ്മ പ്രതികരിച്ചു. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങി നൽകിയെങ്കിലും അത് ഡോക്ടർ ഉപയോഗിച്ചില്ലെന്നും മറ്റൊരു രോഗിയുടെ കമ്പിയാണ് കയ്യിലിട്ടതെന്നും പറഞ്ഞു.
മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാലു വയസ്സുകാരിക്ക് കൈയിലെ ആറാം വിരലിന് പകരം കഴിഞ്ഞദിവസം നാവിന് ശസ്ത്രക്രിയ നടത്തിയതിന്റെ തൊട്ടു പിന്നാലെയാണ് പുതിയ പരാതി ഉയർന്നത്. ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം അടക്കം ഉണ്ടായിട്ടും ഡോക്ടർമാരുടെ അനാസ്ഥ വീണ്ടും റിപോർട്ട് ചെയ്യുന്നത് രോഗികൾ ഉൾപ്പെടെയുള്ളവരെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. കുറ്റവാളികൾക്കെതിരേ മുഖംനോക്കാതെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത് കൂടുതൽ വലിയ പിഴവുകൾ ആവർത്തിക്കാനിടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group