തിരുവനന്തപുരം – കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിർത്തി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്ന വാർത്തകളിൽ പ്രതികരിച്ച് സി.പി.ഐ നേതാവും വയനാട്ടിലെ ഇടത് സ്ഥാനാർത്ഥിയുമായിരുന്ന ആനി രാജ രംഗത്ത്.
വയനാട് ഒഴിയുക എന്നത് രാഷ്ട്രീയ ധാർമികതയില്ലാത്ത പ്രവർത്തിയാണെന്നും വയനാടിനൊപ്പം റായ്ബറേലിയിലും താൻ മത്സരിക്കുമെന്ന വിവരം വയനാട്ടിലെ ജനങ്ങളോട് രാഹുൽ നേരത്തെ പറയേണ്ടതായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി.
ഭരണഘടനയനുസരിച്ച് രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത് തെറ്റല്ലെങ്കിലും മുൻകൂട്ടി വയനാട്ടിലെ ജനങ്ങളോട് അത് പറയാത്തതാണ് അനീതിയെന്നും അവർ ചൂണ്ടിക്കാട്ടി. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യമുണ്ടായാൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു മറുപടി.
രാഹുലിനെ പ്രതിപക്ഷ നേതാവാക്കി റായ്ബറേലി മണ്ഡലത്തിൽ നിലനിർത്താനാണ് ഇന്നു ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിന്റെ വികാരം. വയനാട് സന്ദർശിച്ച് വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തിയ ശേഷമാകും വയനാട് സീറ്റിലെ രാഹുലിന്റെ അന്തിമ തീരുമാനം പ്രഖ്യാപിക്കുക. വയനാട്ടിൽ രാഹുൽ ഇല്ലെങ്കിൽ സഹോദരിയും എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയാവണമെന്ന ആവശ്യവും വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉയർന്നെങ്കിലും പ്രിയങ്ക അതിന് സമ്മതം മൂളിയിട്ടില്ല. അതേപോലെ തൃശൂരിൽ തോറ്റ കെ മുരളീധരനെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും നേതൃത്വത്തിന്റെ പരിഗണനയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group