തിരുവനന്തപുരം– തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫ്ളോ മീറ്റർ പൊട്ടിത്തെറിച്ച് അനസ്തേഷ്യ ടെക്നീഷ്യന് പരിക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകിനാണ് പരിക്കേറ്റത്. തലയോട്ടിക്ക് പരിക്കേറ്റ ഇവർ ഇതേ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ആശുപത്രിയിലെ ബി തിയേറ്ററിലായിരുന്നു സംഭവം. പരിക്കേറ്റ അഭിഷേക് ഓക്സിജൻ സിലിണ്ടർ കൈകാര്യം ചെയ്യവെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടം നടന്ന ഉടനെ അഭിഷേകിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. ശേഷം ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും, വീട്ടിലേക്ക് മടങ്ങിപോവുകയുമാണ് ഉണ്ടായത്. എന്നാൽ, രാത്രിയോടെ അഭിഷേകിന് ഛർദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടതിനാൽ വീണ്ടും ചികിത്സ തേടുകയും, സ്‌കാനിങ്ങിന് വിധേയനാക്കുകയുംചെയ്തു. ഈ പരിശോധനയിലാണ് തലയോട്ടിക്ക് പരിക്കേറ്റതായി കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടുമാസം മുമ്പ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും സമാനമായ അപകടം സംഭവിച്ചിരുന്നു. നഴ്‌സിങ് അസിസ്റ്റന്റായ യുവതിക്കാണ് അന്ന് ഓക്‌സിജൻ സിലിൻഡറിലെ ഫ്ളോ മീറ്റർ പൊട്ടിത്തെറിച്ച് കണ്ണിന് പരിക്കേറ്റത്.