കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസൻകുട്ടി-ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വയാണ് മരിച്ചത്.
കടലുണ്ടി പുഴയുടെ മൂന്നിയൂർ കളിയാട്ടമുക്ക് കാര്യാട് കടവ് ഭാഗത്തെ വെള്ളം കെട്ടിനിൽക്കുന്ന കുഴിയിൽ കുളിച്ച കുട്ടിക്ക് ഇവിടെനിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് നിഗമനം. ഈ മാസം ഒന്നിനാണ് കുട്ടി ഇവിടെ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ മെയ് 13-നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എട്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ നട്ടെല്ലിൽനിന്ന് സ്രവം എടുത്ത് പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയുടെ ജീവൻ നിലനിർത്തിയെങ്കിലും ഇന്നലെ രാത്രിയോടെ കാര്യങ്ങൾ പൂർണമായും കൈവിടുന്ന ഘട്ടത്തിലെത്തുകയായിരുന്നു. പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റു നാലു കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതിന്റെ സന്തോഷവാർത്തക്കിടെയാണ് നാടിനെയും കുടുംബത്തെയുമെല്ലാം വേദനിപ്പിച്ചുള്ള കുട്ടിയുടെ യാത്രാമൊഴി. ഖബറടക്കം ഇന്നു കടവത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.
കെട്ടിക്കിടക്കുന്ന, ഒഴുക്കില്ലാത്ത ജലാശയത്തിലാണ് സാധാരണ മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അമീബ കാണപ്പെടുന്നത്. വെള്ളത്തിൽ നിന്ന് മൂക്കിലൂടെയാണ് ഇത് മനുഷ്യന്റെ ശരീരത്തിലെത്തുക. തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് അമീബ ഇടയാക്കുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ സാധ്യത കുറവാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group