റിപ്പോര്‍ട്ടുകളില്‍ ഔദ്യോഗികമായി പ്രതികരിക്കാതെ ഖത്തര്‍
ദോഹ – ഹമാസ് നേതാക്കളെ രാജ്യത്തു നിന്ന് പുറത്താക്കാന്‍ ഖത്തറിന് മേൽ അമേരിക്ക സമ്മർദ്ദം ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ നടത്തിയിട്ടും വെടിനിര്‍ത്തല്‍, ബന്ദി മോചന കരാര്‍ അംഗീകരിക്കാന്‍ ഹമാസ് നേതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അമേരിക്ക ആവശ്യം ഉന്നയിച്ചതെന്ന് അമേരിക്കന്‍, ഖത്തര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് നേതാക്കള്‍ക്ക് അഭയം നല്‍കുന്നത് നിര്‍ത്തണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ രണ്ടാഴ്ച മുമ്പ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഖത്തര്‍ സമ്മതിക്കുകയും ഒരാഴ്ച മുമ്പ് ഹമാസിന് നോട്ടീസ് നല്‍കുകയും ചെയ്തതായും വാർത്തയിലുണ്ട്.
അമേരിക്കക്കാരെ കൊന്നൊടുക്കുകയും അമേരിക്കക്കാരെ ബന്ദികളാക്കി നിര്‍ത്തുകയും ചെയ്യുന്ന സംഘടനയാണ് ഹമാസ് എന്ന് മുതിര്‍ന്ന യു.എസ് വൃത്തങ്ങള്‍ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാനുള്ള ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ നിരാകരിച്ചതിനു ശേഷം അതിന്റെ നേതാക്കളെ അമേരിക്കയുടെ പങ്കാളികളായ ഒരു രാജ്യത്തിന്റെയും തലസ്ഥാനങ്ങളില്‍ സ്വാഗതം ചെയ്യരുത്. യുദ്ധകാലത്തും ബന്ദികളെ തിരിച്ചെത്തിക്കാനുള്ള ചര്‍ച്ചകളിലും ഉടനീളം ഹമാസുമായുള്ള ചര്‍ച്ചകളില്‍ പുറത്താക്കല്‍ ഭീഷണി ഉപയോഗിക്കാന്‍ യു.എസ് ഉദ്യോഗസ്ഥര്‍ ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു.
ഹമാസ് ബന്ദിയാക്കിയ അമേരിക്കന്‍-ഇസ്രായിലി പൗരന്‍ ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ഗ്-പോളിന്‍ ന്റെ മരണത്തിനും മറ്റൊരു വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് നിരസിക്കുകയും ചെയ്തതിനു ശേഷമാണ് ഹമാസ് നേതാക്കളെ പുറത്താക്കാന്‍ ഖത്തര്‍ സമ്മതിച്ചതെന്ന് മുതിര്‍ന്ന അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്രായില്‍-ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഖത്തര്‍ പ്രധാന പങ്ക് വഹിക്കുന്നു. മുതിര്‍ന്ന ഹമാസ് നേതാക്കള്‍ ദോഹയില്‍ കഴിയുന്നതിനാല്‍ പ്രധാന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നത് ദോഹയിലായിരുന്നു. ഖത്തറില്‍ നിന്ന് പുറത്താക്കപ്പെടുന്ന ഹമാസ് നേതാക്കള്‍ എങ്ങോട്ടാണ് പോവുക എന്ന കാര്യം വ്യക്തമല്ല. ഹമാസ് നേതാക്കള്‍ക്ക് രാജ്യം വിടാന്‍ ഖത്തര്‍ കൂടുതല്‍ സമയം നല്‍കിയിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഖത്തറില്‍ നിന്ന് ഹമാസ് നേതാക്കള്‍ തുര്‍ക്കിയിലേക്ക് പോകാന്‍ സാധ്യതയുണ്ട്.
2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായിലില്‍ നടത്തിയ ആക്രമണത്തിന് ഈ വര്‍ഷാദ്യം യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഏതാനും മുതിര്‍ന്ന ഹമാസ് നേതാക്കള്‍ക്കു മേല്‍ കുറ്റംചുമത്തിയിരുന്നു. ഇക്കൂട്ടത്തില്‍ പെട്ട പ്രതികളില്‍ ഒരാളായ ഖാലിദ് മിശ്അല്‍ ഖത്തറില്‍ താമസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ദോഹയില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കണമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ അടുത്തിടെ ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു.
ഗാസയിലെ ബന്ദികളെ വിട്ടയക്കുന്നത് സംബന്ധിച്ച് ധാരണയിലെത്താനുള്ള ഏറ്റവും പുതിയ നിര്‍ദേശം ഹമാസ് നിരാകരിച്ചതിനു പിന്നാലെ ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് അമേരിക്ക ഖത്തറിനെ അറിയിച്ചിരുന്നത്. ഖത്തറില്‍ കഴിയുന്ന ഹമാസ് നേതാക്കളുടെ സ്വത്തുക്കള്‍ മരവിപ്പിക്കല്‍ അടക്കം നിരവധി ആവശ്യങ്ങള്‍ അടങ്ങിയ കത്ത് യു.എസ് സെനറ്റിലെ ഫോറിന്‍ റിലേഷന്‍സ്, ആംഡ് സര്‍വീസസ് കമ്മിറ്റികളിലെ പ്രമുഖ അംഗങ്ങള്‍ വിദേശ മന്ത്രാലയത്തിനും എഫ്.ബി.ഐ ഉള്‍പ്പെടെയുള്ള ഏതാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വെള്ളിയാഴ്ച അയച്ചിരുന്നു.
ഹമാസ് നേതാക്കള്‍ക്ക് അഭയം നല്‍കുന്നത് ഖത്തര്‍ അവസാനിപ്പിക്കണമെന്നും ഖാലിദ് മിശ്അല്‍, ഖലീല്‍ അല്‍ഹയ്യ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഹമാസ് നേതാക്കളെ പുറത്താക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മുന്‍ തലവനായ ഖാലിദ് മിശ്അലിനെ അമേരിക്കക്ക് കൈമാറണമെന്നും ആവശ്യമുണ്ട്. ഹമാസിന്റെ പരാജയം അടുത്തിരിക്കുന്നതായി യു.എസ് സെനറ്റിലെ പ്രമുഖ അംഗങ്ങള്‍ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാന്‍ വിദേശത്തുള്ള ഹമാസ് നേതാക്കളുടെ സുരക്ഷിത താവളങ്ങള്‍ അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്. ഇറാന്‍ നേതാക്കളെ കാണാനും അവരുമായി ഏകോപനം നടത്താനും ഗാസ യുദ്ധം അവസാനിപ്പിക്കുന്ന കരാറിലേക്ക് നയിക്കുന്ന ന്യായമായ ചര്‍ച്ചകള്‍ നിരാകരിക്കാനും ഖത്തറിലെ സാന്നിധ്യം ഹമാസ് നേതാക്കള്‍ മുതലെടുക്കുന്നതായും പ്രമുഖ സെനറ്റ് അംഗങ്ങള്‍ പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദി മോചന കരാറുണ്ടാക്കാന്‍ ഇതുവരെ നടന്ന നിഷ്ഫലമായ ചര്‍ച്ചകളില്‍ അമേരിക്കക്കും ഈജിപ്തിനുമൊപ്പം ഖത്തറും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഹ്രസ്വകാല വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശം ഹമാസ് നിരസിച്ചതോടെ ഒക്‌ടോബര്‍ മധ്യത്തില്‍ നടന്ന ഏറ്റവും പുതിയ ദോഹ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഹമാസ് നേതാക്കളെ പുറത്താക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഖത്തര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.