റിയാദ്- മൂന്നും അഞ്ചും വയസ്സുള്ള കുട്ടികളുമായി റിയാദിലേക്ക് ടിക്കറ്റെടുത്ത് കരിപ്പൂര്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറിലെത്തിയ യുവതിയോട് കുട്ടികളെ കൂടെ ഇരുത്തണമെങ്കില്‍ 650 രൂപ വീതം വേണമെന്ന് കൗണ്ടര്‍ ജീവനക്കാര്‍. അടക്കാന്‍ കയ്യില്‍ പണമില്ലാത്തതിനാല്‍ മൂന്നു പേര്‍ക്കും വ്യത്യസ്ത നിരകളില്‍ സീറ്റ് നല്‍കിയ ജീവനക്കാരോട് മക്കളെ ഒന്നിച്ചിരിത്താന്‍ അമ്മ കെഞ്ചിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ യാത്രക്കാരിലൊരാള്‍ ഇവര്‍ക്ക് വേണ്ടി പണം നല്‍കിയ ശേഷമാണ് രണ്ട് കുഞ്ഞുങ്ങളെയും അമ്മക്കൊപ്പം ഇരുത്താന്‍ ജീവനക്കാര്‍ തയ്യാറായത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൗണ്ടറില്‍ ഇത് പതിവ് കാഴ്ചയായിരിക്കുന്നു.
വിദേശ എയര്‍ലൈനുകളിലൊന്നും ഇല്ലാത്ത പുതിയ അലിഖിത വ്യവസ്ഥയാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനുളളത്. ഒരേ പിഎന്‍ആറില്‍ എത്തുന്ന കുടുംബങ്ങള്‍ക്ക് ബോര്‍ഡിംഗ് പാസ് എടുക്കുമ്പോള്‍ ഒന്നിച്ചു സീറ്റ് നല്‍കുന്നതാണ് നിലവിലെ രീതി. എല്ലാ എയര്‍ലൈനുകളും ഇതു തുടരുമ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളെ കൂടെ ഇരുത്താന്‍ പണം ആവശ്യപ്പെടുന്നത്.
കയ്യില്‍ പണമുണ്ടായിട്ടോ ഗൂഗിള്‍ പെയോ കാര്യമില്ല. എടിഎം കാര്‍ഡ് തന്നെ വേണം. കൗണ്ടറിലെ പി.ഒ.എസ് മെഷീനിലാണ് പണമടക്കേണ്ടത്. ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ഒരേ പിഎന്‍ആറിലാണെങ്കിലും കുട്ടികള്‍ക്ക് മാതാപിതാക്കളുടെ കൂടെ ഇരിക്കണമെങ്കില്‍ അധിക പണം ഈടാക്കാനാണ് തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളതെന്നും തങ്ങള്‍ നിസ്സഹായരാണെന്നുമാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ ജീവനക്കാര്‍ പറയുന്നത്. ഇതുമൂലം എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ കരിപ്പൂരിലെ ചെക്ക് ഇന്‍ കൗണ്ടറില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാകുന്നു. ഗള്‍ഫ് സെക്ടറിലേക്കുള്ള പല യാത്രക്കാര്‍ക്കും ഈ അനുഭവമുണ്ട്.
കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൗണ്ടറില്‍ തൊട്ടതിനെല്ലാം പണം നല്‍കണം. മൂന്നു ചെക്ക് ഇന്‍ കൗണ്ടറിലേക്ക് ഒറ്റ ക്യൂവില്‍ വടം കെട്ടിത്തിരിച്ച് വെച്ച് യാത്രക്കാരെ വട്ടം കറക്കുന്ന സ്വഭാവവും ഇവിടെയുണ്ട്. അശാസ്ത്രീയ രീതിയിലാണ് ഈ വടം കെട്ടിത്തിരിച്ചിരിക്കുന്നത്.
അതിവേഗ ചെക്ക് ഇന്‍ എന്ന ഒരു സംവിധാനവുമുണ്ടിവിടെ. വടം കെട്ടിത്തിരിക്കാത്ത ഈ കൗണ്ടറില്‍ എത്തുന്നവരുടെ ചെക്ക് ഇന്‍ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി നല്‍കും.
900 രൂപ അധികം നല്‍കണമെന്ന് മാത്രം. ഈ കൗണ്ടറിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ പ്രത്യേക സ്റ്റാഫ് തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പണം കിട്ടുമെന്ന് തോന്നുന്നവരുടെ അടുത്ത് ചെന്ന് ഈ കൗണ്ടറിനെ പരിചയപ്പെടുത്തി വീഴ്ത്തുകയാണ് ഇവരുടെ രീതി. എന്നാല്‍ സാധാരണ കൗണ്ടറില്‍ ഒച്ചിഴയുന്ന വേഗതയിലാണ് കാര്യങ്ങള്‍. യാത്രക്കാരെ പരമാവധി അതിവേഗ ചെക്ക് ഇന്‍ കൗണ്ടറിലെത്തിക്കാനാണ് മറ്റു കൗണ്ടറുകളില്‍ ആളുകളെ വട്ടംകറക്കുന്നതെന്നതാണ് സംസാരം. എന്നാല്‍ മറ്റ് എയര്‍ലൈനുകളുടെ കൗണ്ടറുകളെല്ലാം യാത്രക്കാരോട് മാന്യമായ രീതിയിലാണ് പെരുമാറുന്നത്. അവിടെ ഫാസ്റ്റ് ചെക്ക് ഇന്‍ കൗണ്ടറോ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും വേര്‍തിരിച്ചിരിത്തുന്ന രീതികളോ ഇല്ല. ബോര്‍ഡിംഗ് പാസെടുക്കുമ്പോള്‍ സീറ്റിന് പണം നല്‍കേണ്ടതുമില്ല. റിയാദ് എയര്‍പോര്‍ട്ടിലും എക്‌സ്പ്രസിന്റെ കൗണ്ടറില്‍ ഇത്തരം പ്രശ്‌നങ്ങളില്ല.