ദമാം- പ്രതിസന്ധികൾ ഒന്നിന് പുറകെ മറ്റൊന്നായി വരുമ്പോഴും മകനും കുടുംബവും തുണയായി കൂടെയുണ്ടാകുമെന്നതായിരുന്നു തന്റെ പ്രതീക്ഷയെന്നും എല്ലാം നഷ്ടമായതിന്റെ വേദന താങ്ങാനാകുന്നില്ലെന്നും വെഞ്ഞാറംമൂട് കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം. ദ മലയാളം ന്യൂസുമായി സംസാരിക്കുകയായിരുന്നു റഹീം. ദമാം രാജ്യാന്തര വിമാനതാവളത്തിൽനിന്ന് ഇന്നലെ പുറപ്പെട്ട റഹീം ഇന്ന് രാവിലെയാണ് വീട്ടിലെത്തിയത്. ആശുപത്രിയിലെത്തി റഹീം ഭാര്യയെ സന്ദർശിച്ചു. നിയമപ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന റഹീമിനെ സാമൂഹിക പ്രവർത്തകരാണ് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭ്യമാക്കിയത്. മകനും ഉമ്മയും സഹോദരനും അവരുടെ ഭാര്യയും അടക്കം നാലു പേരെ തന്റെ മകൻ തന്നെ കൊലപ്പെടുത്തിയതിന്റെ ആഘാതത്തിലായിരുന്നു റഹീം. ഭാര്യ അത്യാസന്ന നിലയിൽ ആശുപത്രിയിലും. എല്ലാം നഷ്ടപ്പെട്ട് വാവിട്ടുകരയുക അല്ലാതെ മുന്നിൽ മറ്റൊരു മാർഗവും ഇല്ലായിരുന്നു.
കോവിഡ് കാലത്ത് കച്ചവടം തകർന്നതാണ് തന്നെ പ്രതിസന്ധിയിലാക്കിയതെന്ന് റഹീം പറഞ്ഞു. മൂന്നു വർഷത്തോളമായി ഇഖാമ പുതുക്കാനാവാതെ നിയമകുരുക്കിലാണ്. നാട്ടിലേക്ക് പോയിട്ട് ഏഴു വർഷമായി. ഇതിനിടെയാണ് നാട്ടിൽനിന്ന് ഞെട്ടിക്കുന്ന വാർത്തയെത്തിയത്. ഏറെ സ്നേഹിച്ച് വാത്സല്യത്തോടെ വളർത്തി വലുതാക്കിയ, തന്റെ പ്രശ്നങ്ങളെല്ലാം അറിയുന്ന മൂത്ത പുത്രനായ അഫാനാണ് അരുംകൊല നടത്തിയത്. താൻ അകപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഒരു നാൾ നാട്ടിലേക്ക് മടങ്ങാനാവുമെന്നും, പ്രിയപ്പെട്ടവർ കാത്തിരിക്കുന്നുവെന്നുമുള്ള പ്രത്യാശയിലായിരുന്നു ഇക്കാലമത്രയും റഹീം കഴിഞ്ഞത്. കൂട്ടക്കൊലപാതമെന്ന ദുരന്തത്തിനൊടുവിൽ സർവ്വപ്രതീക്ഷയും കൈവിട്ട് തളർന്നിരുന്ന അബ്ദുൾ റഹീമിനെ നാട്ടിലെത്തിക്കാൻ വഴിതെളിയിച്ചത് ജീവകാരുണ്യപ്രവർത്തകനും ലോകകേരളാ സഭാംഗവുമായ നാസ് വക്കം നടത്തിയ ഇടപെടലാണ്.
സംഭവങ്ങളുടെ ഗൗരവമറിഞ്ഞെത്തിയ നാസ് വക്കം തളർന്നിരുന്ന അബ്ദുൾറഹീമിനെ സമാധാനിപ്പിച്ച് നേരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി. നിയമപ്രശ്നങ്ങൾ മനസിലാക്കി. സൗദി പാസ്പോർട്ട് വകുപ്പിന്റെ( ജാവസാത്ത്) സിസ്റ്റം മുഖാന്തരം നിയമപ്രശ്നങ്ങളോ കേസോ മറ്റു കാര്യങ്ങളോ ഉണ്ടോ എന്നു പരിശോധിച്ചപ്പോൾ ഒരു തരത്തിലുള്ള കേസും ഇദ്ദേഹത്തിന്‍റെ പേരിലില്ലെന്ന് മനസിലായി. റിയാദിൽ നിന്നും മാറി നിൽക്കുന്നതിനാൽ സ്പോൺസർ പരാതിപ്പെട്ട് ഒളിച്ചോടിയതായുള്ള ‘ഹുറുബ്’ കേസിൽപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയം അബ്ദുറഹീമിന് ഉണ്ടായിരുന്നു.
ഇരുപത്തിയഞ്ചു വർഷമായി പ്രവാസിയായ അബ്ദുൾ റഹിം വർഷങ്ങളായി റിയാദിൽ കാർ സ്പെയർപാർട്സിൻ്റെ കച്ചവടം നടത്തിവരുകയായിരുന്നു. അതൊക്കെ നഷ്ടമായി കടബാധ്യത തലക്കു മുകളിലേക്കായതോടെയാണ് ഒന്നര മാസം മുൻപ് ദമാമിലെത്തുന്നതും ഇവിടെയുള്ള കടയിൽ ജോലി ചെയ്യാൻ തുടങ്ങിയതും. കുറെക്കാലമായി സ്പോൺസറുമായി ബന്ധമില്ലായിരുന്നു. ഹുറൂബ് കേസും ഇദ്ദേഹത്തിന്റെ പേരിൽ ഇല്ലെന്ന് മനസിലായി. എന്നാൽ ഇഖാമ കാലാവധി തീർന്നതിനാൽ നാട്ടിലേക്ക് പോകാനുള്ള മാർഗ്ഗം ഇല്ലായിരുന്നു. മൂന്ന് വർഷത്തെ ഇഖാമ ഫീസും, ലെവിയും പുതുക്കാൻ വൈകിയതിനുള്ള പിഴയും അടക്കം ഏകദേശം അൻപതിനായിരത്തോളം റിയാൽ ഒടുക്കിയെങ്കിൽ മാത്രമേ നിയമകുരുക്ക് ഒഴിവാക്കി നാട്ടിലേക്കുള്ള യാത്ര രേഖ ശരിയാവുകയുള്ളു. എന്നാൽ ഇത്രയും വലിയ തുക കണ്ടെത്താൻ ഒരു മാർഗവും റഹീമിന് മുന്നിലുണ്ടായിരുന്നില്ല. പൊളിഞ്ഞുപോയ കച്ചവടത്തിന്റെ പേരിലുള്ള വൻ സാമ്പത്തികബാധ്യതയും ബാക്കിയുണ്ട്. റഹീമിന്റെ ദുരന്ത കഥ വാർത്തകളിലൂടെ അറിഞ്ഞ ബിസിനസ് പ്രമുഖനായ ഡോ. സിദ്ദീഖ് അഹമ്മദിനെ പോലൂള്ളവർ മതിയായ സഹായം വാഗ്ദാനം ചെയ്ത് നാസ് വക്കത്തെ ബന്ധപ്പെട്ടിരുന്നു.
സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രം, പാസ്പോർട്ട് വിഭാഗം എന്നിവയുടെ മേധാവികളെ നാസ് വക്കം നേരിൽ സന്ദർശിച്ച് അബ്ദുൾ റഹീമിൻ്റെ വീട്ടിൽ ഉണ്ടായ ദുരന്തവും അയാളുടെ ദയനീയാവസ്ഥയും ബോധ്യപ്പെടുത്തി. മനസലിഞ്ഞ അവർ സഹായിക്കാൻ സന്നദ്ധമാവുകയായിരുന്നു. തുടർന്ന് രേഖകൾ ശരിയാക്കുന്നതിന്റെ ഭാഗമായി നാസ് വക്കം ദമാമിലെ നാടുകടത്തൽ(തർഹീൽ) കേന്ദ്രത്തിൽ അബ്ദുറഹീമിനെ നേരിട്ട് ഹാജരാക്കി. സാധാരണയായി ഒരാൾ നാടുകടത്തൽ കേന്ദ്രത്തിലെത്തിയാൽ കുറഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളു. ഏറ്റവും കുറഞ്ഞത് 7 ദിവസമെങ്കിലും കഴിയാതെ നടപടികൾ പൂർത്തിയാക്കുന്നതും സാധാരണമല്ല. എന്നാൽ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ അധികൃതർ ഒറ്റദിവസത്തിനുള്ളിൽ തന്നെ എല്ലാ നിയമപ്രശ്നങ്ങളും അഴിച്ച് ഫൈനൽ എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ദമാം അൽ മുന സ്കുളിന് സമീപത്തുള്ള ഒരു പെട്രോൾ പമ്പിനോട് ചേർന്നുള്ള വാഹനങ്ങളുടെ ആക്സസറീസ് വിൽക്കുന്ന ചെറിയ കടയിലാണ് റഹീം ജോലി ചെയ്തിരുന്നത്. വീടു വിൽക്കണം, കടങ്ങൾ തീർക്കണം സമാധാനമുള്ള ഒരു ജീവിതം വേണം ഇതായിരുന്നു ആഗ്രഹം. അഫാൻ ആദ്യ കുട്ടിയായത് കൊണ്ട് കൂടുതൽ വാൽസല്യം നൽകിയിരുന്നു. അവനെ ഉൾപ്പെടെയാണ് സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടു വന്നത്. 10 മാസത്തോളം റിയാദിൽ ഒപ്പമുണ്ടായിരുന്നു. കാറ്ററിംഗിനും മറ്റും പോയി അവൻ സ്വന്തമായി പണം സമ്പാദിച്ചിരുന്നു. അത് അവന്റെ കാര്യങ്ങൾക്കെടുക്കും. അടുത്ത ദിവസങ്ങളിലൊന്നും അവനെ ഫോണിൽ കിട്ടിയിരുന്നില്ല. ഇടക്കൊക്കെ കാശിന് വേണ്ടി ഭാര്യയുടെ അടുത്ത് വഴക്കിടാറുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഓ അവന് ഭ്രാന്താ എന്ന ഒഴുക്കൻ മറുപടിയാണ് ഭാര്യ പറഞ്ഞത്. ഒരിക്കലും പരിഹരിക്കാനാകാത്ത നഷ്ടമാണ് തനിക്ക് സംഭവിച്ചതെന്നും റഹീം പറഞ്ഞുകൊണ്ടേയിരിക്കുന്നു.