ന്യൂഡൽഹി: എഡിജിപി എം.ആർ. അജിത്ത് കുമാറിനെ ആർഎസ്എസ് ചുമതലയിൽ നിന്നാണ് ഗതികെട്ട് മാറ്റിയതെന്ന് ഷാഫി പറമ്പിൽ എംപി. പോലീസ് യോഗങ്ങളിൽ ഇപ്പോഴും അജിത് കുമാറിന് പങ്കെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സെക്കന്റ് പോലും വൈകാതെ നടപടി എടുക്കേണ്ട വിഷയത്തിൽ ആർഎസ്എസിന്റെ തീരുമാനം കാത്തിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. അതുകൊണ്ടാണ് നടപടി വൈകിയതെന്നും ഷാഫി കുറ്റപ്പെടുത്തി.
അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് വേണ്ടി വാർത്താകുറിപ്പ് വിതരണം ചെയ്തത് ക്രൂരമായ നടപടിയാണ്. മലപ്പുറത്തെ മാത്രമല്ല ഒരു സംസ്ഥാനത്തെ തന്നെയാണ് ഇതിലൂടെ ഒറ്റുകൊടുത്തത്.
മലപ്പുറത്തെ നിരോധിക്കപ്പെട്ട സംഘടനകളുടെ കേന്ദ്രമാക്കി മുദ്രകുത്തിയതിനു പിന്നിൽ ആർഎസ്എസ് അജണ്ടയാണ്. സീതാറാം യെച്ചൂരി മരിച്ചു കിടക്കുന്ന ദിവസം മുഖ്യമന്ത്രിക്ക് വേണ്ടി ഇതുപോലൊരു വാർത്താകുറിപ്പ് വിതരണം ചെയ്തത് എന്തിനാണെന്നും ഷാഫി ചോദിച്ചു.