കൊച്ചി: ഹേമ കമ്മിറ്റി റിപോർട്ടിൽ അമ്മ സംഘടനയെയും ജനറൽസെക്രട്ടറിയും നടനുമായ സിദ്ദീഖിനെയും വിമർശിച്ച് നടി ഉർവശി. റിപോർട്ടിൽ താരസംഘടനയെന്ന നിലയ്ക്ക് അമ്മ ശക്തമായി ഇടപെടേണ്ട സമയമാണ്. വിഷയങ്ങളിൽ തെന്നിയും ഒഴുകിയും മാറുന്ന നിലപാടെടുക്കരുതെന്നും നടപടി വേണ്ട സമയമാണെന്നും നടി ഓർമിപ്പിച്ചു.
സിദ്ദിഖ് മാധ്യമങ്ങളോട് സംസാരിച്ചത് കേട്ടു. അങ്ങനെയൊന്നുമല്ല, ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുത്. ഒരു സ്ത്രീ തന്റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മിഷന് മുമ്പാകെ വന്ന് തുറന്നുപറഞ്ഞ കാര്യങ്ങളാണ്. അതിൽ നടപടി വേണം. എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിക്കണം. നിലപാട് വച്ച് നീട്ടാൻ പറ്റില്ല. പഠിച്ചത് മതി. കമ്മിറ്റി റിപോർട്ടിലെ വെളിപ്പെടുത്തലുകൾ ഗൗരവമായി കണ്ട് നടപടി വേണം. എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് മിണ്ടാതിരിക്കാമെന്നല്ല. താൻ എപ്പോഴും സ്ത്രീകൾക്ക് ഒപ്പമാണെന്നും അവർ വ്യക്തമാക്കി.
സിനിമാ സെറ്റിൽനിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് കളവാകും. തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ട്. തനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകൾ എടുപ്പിച്ചിട്ടുണ്ട്. മണ്മറഞ്ഞുപോയവരുടെ കുടുംബത്തെ ഓർത്ത് തുറന്നുപറയുന്നില്ല. കതകിന് മുട്ടാൻ ഞാൻ ആരെയും സമ്മതിച്ചിട്ടില്ല. അങ്ങനെ ചെയ്താൽ ദുരനുഭവം ഉണ്ടാകുമെന്ന് അവർക്ക് അറിയാവുന്നത് കൊണ്ടാണെന്നും അവർ ചൂണ്ടിക്കാട്ടി.
സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്തിന് എതിരെ ഉയർന്ന ബംഗാളി നടിയുടെ ലൈംഗിക ആരോപണത്തിലും അവർ പ്രതികരിച്ചു. ആരോപണം വന്നാൽ ആ പദവിയിൽനിന്ന് മാറി നിൽക്കുന്നതാണ് പക്വത. നടി ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിൽ ഞെട്ടിപ്പോയെന്നും അവരെന്താകും അവരുടെ നാട്ടിൽ പോയി പറഞ്ഞിട്ടുണ്ടാവുകയെന്നും ഉർവശി ചോദിച്ചു.