കൊച്ചി: ഫൂട്ടേജ് സിനിമ ഇന്ന് തീയേറ്ററിൽ എത്തവെ, ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാരോപിച്ച് സിനിമയുടെ നിർമാതാവ് കൂടിയായ നടി മഞ്ജു വാര്യർക്കെതിരേ വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി. ഫൂട്ടേജ് സിനിമയിലെ അനുഭവം പങ്കുവെച്ചാണ് ശീതൾ മഞ്ജുവിനെതിരേ വക്കീൽ നോട്ടീസ് അയച്ചത്. അഞ്ചര കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
മഞ്ജു വാര്യർക്കു പുറമെ നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനെതിരേയും നടിയും അസി. ഡയറക്ടറുമായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഷൂട്ടിംങ്ങിനിടെ നടി ശീതളിന് പരുക്കേറ്റിരുന്നു. എന്നാൽ, ആംബുലൻസ് പോലും ഒരുക്കിയില്ലെന്നാണ് നോട്ടീസിലെ കുറ്റപ്പെടുത്തൽ.
ചിമ്മിനി വനമേഖലയിലായിരുന്നു ശീതൾ തമ്പി അഭിനയിച്ചത്. ഒരു മെഡിക്കൽ ഓഫീസറുടെ വേഷത്തിൽ ഷൂട്ടിങ്ങിനിടയിൽ ഫൈറ്റ് സീനിലായിരുന്നു അഭിനയിച്ചത്. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഈ സീനെല്ലാം ഷൂട്ട് ചെയ്യുക. എന്നാൽ, മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാൽ പരുക്കേൽക്കുകയുമുണ്ടായി. ഒരു പ്രാഥമിക ചികിത്സാ സൗകര്യങ്ങളും സെറ്റിലുണ്ടായിരുന്നില്ലെന്നും പരുക്കിനെ തുടർന്ന് ശസ്ത്രക്രിയ വേണ്ടി വന്നതിനാൽ ആശുപത്രിയിൽ വലിയ തോതിൽ പണം ചെലവായെന്നും പറയുന്നു.
മൂവി ബക്കറ്റ് നിർമാണ കമ്പനി പല ഘട്ടങ്ങളിലായി നൽകിയത് ഒരു ലക്ഷത്തി എൺപതിനായിരം രൂപ മാത്രമാണ്. നിലവിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്നും മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നുമാണ് വക്കീൽ നോട്ടീസിലുള്ളത്. ഉചിതമായ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്നും ഫൂട്ടേജിന്റെ പ്രമോഷൻ വർക്കുകളിലെല്ലാം നടി സഹകരിച്ചതായും അഭിഭാഷകൻ രഞ്ജിത്ത് മാരാർ വ്യക്തമാക്കി.