- ഈ അമ്മ കമ്മിറ്റി തന്നെയാണ് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്നതെന്നും പാർവതി
കൊച്ചി: നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ അമ്മ എന്ന താരസംഘടനയെ പിരിച്ചുവിട്ടതിൽ കടുത്ത പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. അമ്മ ഭരണസമിതിയുടെ കൂട്ടരാജി ഭീരുത്വമാണെന്നും ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നും നടി പാർവതി കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തക ബർഖാദത്തുമായുള്ള അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചിൽ.
കൂട്ടായ രാജിയെക്കുറിച്ച് ആദ്യം കേട്ടപ്പോൾ എനിക്ക് തോന്നിയത് അവരെത്ര ഭീരുക്കളാണെന്നാണ്. മാധ്യമങ്ങൾക്ക് മുന്നിൽനിന്ന് സംസാരിക്കേണ്ടവർ തന്നെ രാജിവച്ച് പിന്മാറിയത് എത്ര വലിയ ഭീരുത്വമാണ്. സർക്കാരിനും മറ്റ് ബന്ധപ്പെട്ടവർക്കും ഒപ്പം നിന്ന് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമെങ്കിലും വേണമായിരുന്നു. ആരോപണങ്ങൾ പുറത്തുവരുംവരെ ഇതൊന്നും ഇവിടെ നടക്കില്ലെന്ന് പറഞ്ഞ ഭരണസമിതിക്കാരാണ്. ഈ കമ്മിറ്റി തന്നെയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നിൽ അണിനിരന്നതും.
ധാർമികതയുടെ പേരിലുള്ള രാജിയെന്ന വാദം എനിക്ക് അത്ര അദ്ഭുതമായി തോന്നിയില്ല. ഞാൻ അമ്മയിൽ അംഗമായിരുന്ന വ്യക്തിയാണ്. ആ സംഘടന എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് എനിക്കറിയാം. പേടിപ്പിച്ച് ഭരിക്കുന്ന രീതിയിലാണ് ആ സംഘടനയിലുള്ളത്. അവകാശങ്ങൾക്കുവേണ്ടി സംസാരിക്കാൻ സാധിക്കില്ല. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി എല്ലാവരെയും പ്രതിനിധീകരിക്കുന്നത് ആവണം. പക്ഷേ അങ്ങനെയല്ല. അതൊരു അധികാര കേന്ദ്രീകൃത സംവിധാനമായിരുന്നുവെന്നും പാർവതി ചൂണ്ടിക്കാട്ടി.
അമ്മ ഒരു വലിയ സംഘടനയാണ്. ജനാധിപത്യ ബോധമുള്ള ഒരു ഭരണസമിതിയെ കണ്ടെത്താനുള്ള അവസരമാണ്. നേതൃത്വം മാറുന്നത് ചിലപ്പോൾ സാധാരണ അംഗങ്ങൾക്ക് ഗുണം ചെയ്‌തേക്കാം. ഈ രാജി ആ അർത്ഥത്തിൽ ഗുണകരമായേക്കാം. പരാതിയുണ്ടെങ്കിൽ സ്ത്രീകൾ കേസ് കൊടുക്കണമെന്നും പേര് വെളിപ്പെടുത്തണമെന്നും സർക്കാർ പറയുന്നത് ശരിയല്ല. ഈ അധിക്ഷേപത്തിനൊക്കെ ശേഷം സ്ത്രീകൾ തന്നെ തെളിയിക്കേണ്ട ബാധ്യതയും ഏറ്റെടുക്കണമെന്നാണോ?. അനുഭവിച്ച മാനസിക പ്രയാസങ്ങൾക്കുശേഷം ഞങ്ങൾ തന്നെ പോരാടണമെന്ന് പറയുന്നത് ദുഃഖകരമാണെന്നും നടി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാർ അമ്മ ജനറൽസെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ്, ചലച്ചിത്ര അക്കാദമി ചെയർമാനുമായിരുന്ന സംവിധായകൻ രഞ്ജിത്ത് ഉൾപ്പെടെ പലർക്കുമെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഇരുവരും രാജിവെച്ചെങ്കിലും കൂടുതൽ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമുണ്ടായതോടെ ഇരകൾക്കുവേണ്ടി ശക്തമായ നിലപാട് പറയാനോ പ്രതികരിക്കാനോ അമ്മയുടെ നേതൃത്വം തയ്യാറായിരുന്നില്ല. തുടർന്ന് വൈസ്പ്രസിഡന്റ് ജഗദീഷ് അടക്കമുള്ള നടന്മാർ അമ്മ നേതൃത്വത്തിന്റെ വീഴ്ച തുറന്നുപറഞ്ഞതോടെ പല യുവ നടീനടന്മാരും അതിന് കൈയടിച്ചതോടെ നടൻ മോഹൻലാൽ അടക്കമുള്ളവർ അമ്പേ പ്രതിരോധത്തിലായിരുന്നു. ആരോപണത്തിൽ ഒരക്ഷരം പ്രതികരിക്കാൻ താരമൂല്യമുള്ള മോഹൻലാലോ മമ്മൂട്ടിയോ ദിവസങ്ങളായിട്ടും നാവ് തുറന്നതുമില്ല. തുടർന്ന് കാര്യങ്ങൾ പന്തിയല്ലെന്നു മനസ്സിലാക്കിയതോടെ അമ്മയുടെ അധ്യക്ഷ പദവി ഒഴിഞ്ഞ് ഭരണസമിതി പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ച് മുഖം രക്ഷിക്കുകയായിരുന്നു മോഹൻലാൽ അടക്കമുള്ളവർ എന്നാണ് പൊതുവെയുള്ള വിമർശം.
വിമർശിച്ചതിനും തിരുത്തിയതിനും നന്ദിയെന്നും പുതിയ നേതൃത്വം ഉണ്ടാകുമെന്നാണ് ശുഭ പ്രതീക്ഷയെന്നും കുറിച്ചാണ് അമ്മ ഭരണസമിതിയുടെ പിരിച്ചുവിടൽ രാജിക്കത്ത് മോഹൻലാൽ പുറത്തുവിട്ടിരുന്നത്.