ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേരളത്തിൽ അക്കൗണ്ട് തുറന്നുകൊടുത്ത നടൻ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. തൃശൂരിൽനിന്ന് തിളക്കമാർന്ന നേട്ടവുമായി കേരളത്തിലെ എൽ.ഡി.എഫ്-യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയോ സഹമന്ത്രി സ്ഥാനമോ എന്നതിൽ തീരുമാനം പിന്നീടുണ്ടാവും. എന്തായാലും മന്ത്രിയാകുമെന്ന കാര്യം ഉറപ്പാണെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ അറിയിച്ചു.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ പുതിയ സർക്കാറുണ്ടാക്കുന്നതിനുള്ള ധൃതിപിടിച്ച ചർച്ചകളിലാണ് എൻ.ഡി.എ നേതൃത്വം. ജെ.ഡി.യുവും ടി.ഡി.പിയും മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഗൗരവമായ ചർച്ചകൾ നടത്തി സമവായമുണ്ടാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് മോഡിയും സംഘവും. ഇതിൽ തീരുമാനമായാൽ സുരേഷ് ഗോപിയെ ആദ്യഘട്ട മന്ത്രിസഭയിൽ തന്നെ ഉൾപ്പെടുത്താനാണ് ധാരണ.
അതേപോലെ, വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് തോറ്റ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് രാജ്യസഭാ സീറ്റ് നൽകാനും ധാരണയുണ്ട്. ഒഴിവ് വരുന്ന മുറയ്ക്കാണ് സീറ്റ് നൽകുകയെന്നാണ് വിവരം.
രാജ്യസഭയിലേക്ക് പോയാലും സംസ്ഥാന പ്രസിഡന്റ് പദവി തത്കാലം രാജിവെയ്‌ക്കേണ്ടതില്ലെന്നും രണ്ട് പദവികളും ഇപ്പോൾ ഒന്നിച്ചുകൊണ്ടുപോകാമെന്നും കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group