തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടനും കൊല്ലം എം.എൽ.എയുമായ മുകേഷിന്റെ രാജിയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി സി.പി.ഐ. മുകേഷ് എം.എൽ.എ സ്ഥാനത്തുനിന്ന് മാറിയേ തീരൂവെന്ന ആവശ്യമുന്നയിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
മുകേഷ് മാറി നിൽക്കണമെന്നാണ് പാർട്ടി നിലപാട് എന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. ധാർമികതയുടെ പേരിൽ മാറി നിൽക്കണമെന്നാണ് പാർട്ടി നിലപാട്. പാർട്ടി എക്‌സിക്യൂട്ടീവ് തീരുമാനമാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചത്.
മുകേഷിന്റെ രാജിക്കാര്യത്തിൽ സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സർക്കാറിൽ സമ്മർദ്ദം കൂടിയിരിക്കുകയാണ്. കോൺഗ്രസ് എം.എൽ.മാർ ലൈംഗികാരോപണത്തിൽ രാജിവെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം ഇതുവരെയും മുകേഷിനായി നിലകൊണ്ടത്. എന്നാൽ, മുന്നണിയിലെ രണ്ടാംകക്ഷി ഇക്കാര്യത്തിൽ കടുത്ത നിലപാടുമായി മുന്നോട്ടു പോകുന്നത് എൽ.ഡി.എഫിലും കടുത്ത പ്രശ്‌നങ്ങളുണ്ടാക്കും. സി.പി.എമ്മിലും മഹിളാ അസോസിയേഷനിലുമെല്ലാം വലിയൊരു വിഭാഗത്തിന് മുകേഷ് മാറിനിൽക്കുന്നതാണ് നല്ലതെന്ന അഭിപ്രായമുണ്ടെങ്കിലും സി.പി.എം സംസ്ഥാന നേതൃത്വം ഇതുവരെയും അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.
ഒരു തെറ്റ് മറ്റൊരു തെറ്റുകൊണ്ട് മൂടിവെക്കുന്നതിന് തുല്യമാണ് കോൺഗ്രസിന്റെ തെറ്റ് ചൂണ്ടി ശരിയുടെ കൂടെ നിൽക്കാതിരിക്കുന്നത്. കോൺഗ്രസ് ചെയ്യുന്ന തെറ്റ് ആവർത്തിക്കാനല്ല, ശരിയുടെയും ന്യായത്തിന്റെയും ധാർമികതയുടെയും പക്ഷത്തുനിൽക്കാനാണ് ഇടതുപക്ഷം എന്നും ശ്രദ്ധിക്കേണ്ടതെന്നും സി.പി.ഐ നേതാക്കൽ ഓർമിപ്പിക്കുന്നു.