ദമാ- ദമാമിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു അഗ്നിബാധ, മംഗലാപുരം സ്വദേശിയായ പിഞ്ചുകുഞ്ഞ് മരിച്ചു. മംഗലാപുരം സ്വദേശി ശൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും ഇളയ മകന് മൂന്നു വയസ്സുള്ള സായിക് ശൈഖ് ആണ് ശ്വാസംമുട്ടി മരിച്ചത്. ഇവരുടെ മൂത്ത മകന് അഞ്ചു വയസ്സുള്ള സാഹിര്‍ ശൈഖ് അത്ഭുതകരമായി രക്ഷപ്പെട്ടു. ശൈഖ് ഫഹദും കുടുംബവും കഴിഞ്ഞ ആറു മാസമായി ദമാം അല്‍ ഹുസൈനി കോമ്പൌണ്ടിലെ രണ്ടു നിലയുള്ള വില്ലയില്‍ താമസിച്ചു വരികയായിരുന്നു.
ഇന്നലെ അര്‍ദ്ധരാത്രി വില്ലയിലെ താഴെ നിലയിലുള്ള അടുക്കളയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു തീപ്പിടിക്കുകയും വീടിനുള്ളില്‍ ശക്തമായ പുക പടരുകയുമായിരുന്നു. ശൈഖ് ഫഹദ് കോമ്പൗണ്ടിലെ ഹൗസ് കീപ്പറെ മൊബൈലില്‍ രക്ഷപ്പെടുത്താന്‍ നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ടവര്‍ ഓടിയെത്തിയെങ്കിലും തീയും പുകയും കാരണം അകത്തേക്ക് പ്രവേശിക്കാന്‍ ഇവര്‍ക്കായില്ല.
പുകയും ഇരുട്ടും കാരണം പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ശൈഖ് ഫഹ ദും കുടുംബവും മുറിക്കകത്ത് തന്നെ കുടുങ്ങുകയായിരുന്നു. അഗ്നിശമന സേനയെത്തി തീ അണക്കുകയും അബോധാവസ്ഥയില്‍ ആയ കുടുംബത്തെ ആശുപത്രികളില്‍ എത്തിക്കുകയും ചെയ്തു.
ഗുരുതര നിലയിലുള്ള ശൈഖ് ഫഹദിനെ ദമാം അല്‍ മന അത്യാഹിത വിഭാഗത്തിലും ഭാര്യ സല്‍മാ കാസിയെ ഗുരുതരമായ നിലയില്‍ ദമാം സെന്‍ട്രല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലും കഴിയുന്നു. ദമാം മെറ്റേണിറ്റി ആശുപത്രിയില്‍ കഴിയുന്ന മൂത്ത മകന് സാഹിര്‍ ശൈഖ് അപകട നില തരണം ചെയ്തിട്ടുണ്ട്. വീടിനുള്ളില്‍ തന്നെ മരണമടഞ്ഞ ഇളയ മകന് സായിക് ശൈഖിന്റെ മൃതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു, ലോക കേരള സഭാംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ നാസ് വക്കത്തിന്റെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.