മലപ്പുറം– മലപ്പുറത്ത് കുട്ടികള്‍ക്ക് അനധികൃതമായും ലൈസന്‍സില്ലാതേയും ബൈക്കുകളും വാഹനങ്ങളും നല്‍കുന്ന രക്ഷിതാക്കള്‍ ജാഗ്രതൈ. നിങ്ങളുടെ കുട്ടികള്‍ കുടുങ്ങും, ഒപ്പം നിങ്ങളും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ഓപ്പറേഷന്‍ ലാസ്റ്റ് ബെല്‍’ പരിശോധന വ്യാപകമാക്കി.
കഴിഞ്ഞ ദിവസം വിവിധ സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇരുന്നൂറോളം വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. കൂടാതെ അനധികൃതമായി വാഹനങ്ങള്‍ നല്‍കിയ 36 രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂള്‍ പരിസരങ്ങളിലെ അക്രമങ്ങള്‍, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനാണ് ഈ പ്രത്യേക പരിശോധനയെന്ന് മലപ്പുറം ജില്ലാ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇതുവരെ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 50 പേര്‍ക്കെതിരെ കേസെടുത്തു. 36 കേസുകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് രക്ഷിതാക്കള്‍ക്കെതിരെ എടുത്ത കേസുകളാണെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിവിധ സ്റ്റേഷനുകളിലായി 200 വാഹനങ്ങളാണ് പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു. ഹൈസ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളാണ് പരിശോധനയില്‍ പൊലീസ് പിടിയിലായതെന്നും അധികൃതര്‍ പറയുന്നു. കൂടാതെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയും മറ്റും വാഹനങ്ങള്‍ ഓടിച്ചതിനുമായി 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെയും വേറെ കേസുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിശോധനകള്‍ വരുംദിവസങ്ങളിലും വ്യാപകമാക്കുമെന്നും ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കൂള്‍ വിട്ടതിന് ശേഷം വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് അതിക്രമങ്ങള്‍ കാണിക്കുന്നതും ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതുമുള്‍പ്പെടെ പൊലീസ് അധികാരികളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കൂടാതെ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അക്രമാസക്തമാവുന്നതും കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടായതിനെത്തുടര്‍ന്ന് പലരും പരാതിപ്പെടുകയുമുണ്ടായെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് വ്യക്തമാക്കി. ഇത്തരം പ്രവണതകളും പരാതികളുമുണ്ടായതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് തുടക്കമിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.