കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചു. സംഭവത്തിൽ സ്ത്രീകളും കുട്ടുകളുമുൾപ്പെടെ 98 പേർക്ക് പൊള്ളലും പരുക്കുമേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. രാത്രി 12.20-ഓടെയാണ് സംഭവം.
പരുക്കേറ്റവരെ നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മംഗാലാപുരത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റ മൂന്നുപേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട്ടേക്കും പരുക്കേറ്റവരുമായി വാഹനം തിരിച്ചിട്ടുണ്ട്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണാണ് തീപിടുത്തമുണ്ടായതെന്നാണ് പറയുന്നത്. ഉടനെ അഗ്നിശമന സേനയും പോലീസും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി. ജില്ലാ പോലീസ് മേധാവിയും കലക്ടറുമെല്ലാം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.