- പോലീസ് പല ആവശ്യത്തിന് പലരെയും കണ്ടിട്ടുണ്ടാകുമെന്നും സി.പി.എം നേതാവ്
തൃശൂർ: എ.ഡി.ജി.പി ഔദ്യോഗിക വാഹനം ഒഴിവാക്കി ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിവാദ നടപടിയിൽ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്ത്. പോലീസ് ഉദ്യോഗസ്ഥർ പല ആവശ്യത്തിന് പലരെയും കണ്ടിട്ടുണ്ടാകും. ആർ.എസ്.എസ്. നേതാവിനെ എ.ഡി.ജി.പി സന്ദർശിച്ചത് സി.പി.എം അന്വേഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
പി.വി അൻവർ പറയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം പാർട്ടിക്കില്ലെന്നും അദ്ദേഹം പാർട്ടി ഫോറത്തിൽ ഇല്ലെന്നും സ്വതന്ത്ര എം.എൽ.എയാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി അദ്ദേഹം പ്രതികരിച്ചു. എ.ഡി.ജി.പി ആർ.എസ്.എസ് തലവനുമായി ചർച്ച നടത്തിയത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് നമുക്ക് പറയാനാകില്ലെന്നായിരുന്നു മറുപടി.
ആരോപണങ്ങൾ സർക്കാർ പരിശോധിക്കും. പോലീസ് ഉദ്യോഗസ്ഥർ പല ആവശ്യത്തിന് പലരെയും കണ്ടിട്ടുണ്ടാകും. അത് സി.പി.എമ്മിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ല. എല്ലാ കോൺഗ്രസുകാരും ചേർന്ന് മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ ഗൂഢാലോചനയുണ്ട്. ദൂതനായി പോലീസുകാരനെ അയക്കാൻ മാത്രം വിവരദോഷിയല്ല മുഖ്യമന്ത്രി. ആർ.എസ്.എസിനെതിരെ എന്നും ശക്തമായി നിലകൊണ്ട സി.പി.എമ്മിനെ ഏറെക്കാലം സെക്രട്ടറിയായി നയിച്ചത് പിണറായി വിജയനാണ്.
കോൺഗ്രസുകാരാണ് എന്നും ആർ.എസ്.എസും ബി.ജെ.പിയുമായി ബന്ധം പുലർത്തുന്നത്. ആർ.എസ്.എസുമായി വോട്ടുകച്ചവടം നടത്താത്ത ഒരു കോൺഗ്രസ് നേതാവും കേരളത്തിലില്ല. കോൺഗ്രസ് നേതാക്കളുടെ മക്കളെല്ലാം ബി.ജെ.പിയിലേക്കാണ് പോകുന്നത്. കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലും എ.കെ അന്റണിയുടെ മകനുമെല്ലാം അതിന്റെ അവസാന പതിപ്പുകളാണ്. മുസ്‌ലിം മൗലികവാദികളെയെല്ലാം കക്ഷത്തുവെച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഗിരിപ്രഭാഷണം നടത്തുന്നത്. തൃശൂരിൽ ബി.ജെ.പി ജയിച്ചപ്പോൾ 86,965 വോട്ടാണ് കോൺഗ്രസിന് നഷ്ടമായതെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.