കോഴിക്കോട്- രാജ്യം മുഴുക്കെ വോട്ട് കൊള്ളക്കെതിരെ പോരാട്ടവും അന്വേഷണവും പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ തൃശൂരിലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് മാത്രമല്ല തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിനായി പുറത്തിറക്കിയ വോട്ടര്‍പട്ടികയിലും തിരിമറിയെന്ന് വിലയിരുത്തല്‍. കോഴിക്കോട്, മാറാട് ഡിവിഷനിലെ ഒരു വീട്ടില്‍ 327 വോട്ടര്‍മാരെയാണ് ചേര്‍ത്തിരിക്കുന്നത്. കോഴിക്കോട്ടെ പുത്തൂര്‍ ഡിവിഷനില്‍ 4/400 എന്ന വീട്ട് നമ്പറില്‍ 248 വോട്ടര്‍മാരാണ് ഉള്ളത്. കൂടാതെ വിവിധ ഡിവിഷനുകളിലായി പൂജ്യം എന്ന വീട്ട് നമ്പറില്‍ 1088 വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍സെക്രട്ടറി ടി ടി ഇസ്മാഈല്‍ എന്നിവര്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. ഒരു വോട്ടര്‍ ഐ ഡി യില്‍ നിരവധി വോട്ടര്‍മാര്‍ ഉണ്ടെന്നും കോഴിക്കോട് കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വോട്ടര്‍ പട്ടികയിലുടനീളം സി പി ഐ എം നടത്തിയ ക്രമക്കേടാണ് ഇത് സൂചിപ്പിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതിനിടെ ഫറോക്കില്‍ മുന്നൂറോളം വോട്ടുകള്‍ വോട്ടര്‍മാരറിയാതെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റാനുള്ള നീക്കം നടത്തിയതായി പരാതി ഉയര്‍ന്നു. ഇരുപത്തിനാലാം ഡിവിഷനിലെ വോട്ടുകള്‍ ഇരുപത്തിരണ്ടാം ഡിവിഷനിലേക്ക് മാറ്റിയത്. കൃത്യമായി വോട്ടര്‍മാര്‍ അപേക്ഷ നല്‍കാതെ ഇത്തരം മാറ്റം പാടില്ലെന്നാണ് നിയമം. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇത് സംബന്ധിച്ച് ഉണ്ടെന്നിരിക്കെ ഇത്തരത്തിലുള്ള മാറ്റം രാഷ്ട്രീയപ്രേരിതമാണെന്നും വിലയിരുത്തുന്നു. ഇതിനെതിരെ പൊലീസ് കമ്മീഷണര്‍ക്കും തെരെഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു. വോട്ടര്‍മാരും ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
”2024 ലോക്‌സഭാ ഇലക്ഷനില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിച്ചു ഭരണത്തിലേറിയ ബി ജെ പി സര്‍ക്കാരിനെ മാതൃകയാക്കുകയാണ് കോഴിക്കോട്ടെ സി പി ഐ എം. ജനവികാരം തങ്ങള്‍ക്കെതിരാണെന്നും വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അവര്‍ തിരച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ വോട്ടര്‍ പട്ടിക അട്ടിമറി.” ടി ടി ഇസ്മാഈല്‍ പറഞ്ഞു. എത്രതന്നെ കൃത്രിമം കാണിച്ചാലും ദയനീയ പരാജയമാണ് കോഴിക്കോട്ടെ സി പി എമ്മിനെ കാത്തിരിക്കുന്നതെന്നും കണ്ടെത്തിയ തെളിവുകളുമായി തങ്ങള്‍ മുന്നോട്ട് പോവുകയാണെന്നും നിയമവഴിയിലും തെരുവിലും ഇനിയുള്ള ദിവസങ്ങള്‍ പോരാട്ടത്തിന്റേതാണെന്നും അദ്ദേഹം വിശദീകരിച്ചു.