മുംബൈ: ഇന്ത്യന്‍ ടീമില്‍ വീണ്ടും ഇടം നേടി മലയാളി താരം സഞ്ജു സാംസണ്. ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയ്ക്കുള്ള സ്ക്വാഡിലാണ് സഞ്ജു ഇടം നേടിയത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ് ഇറങ്ങും. കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന് എന്നിവരെ പരിഗണിച്ചില്ല. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് അവസരമൊരുങ്ങിയത്. യശസ്വി ജയ്സ്വാളിനും ശുഭ്മാന്‍ ഗില്ലിനും വിശ്രമം അനുവദിച്ചതും സഞ്ജുവിന് ഗുണം ചെയ്തു.
ഐപിഎല്ലിലെ പേസ് ബൗളിങ് സെന്സേഷന് മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം. മായങ്കിനൊപ്പം ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട സ്പെഷ്യല്‍ ട്രെയിനിങ് ക്യാമ്പില്‍ മായങ്കിനെ ഉള്‍പ്പെടുത്തിയതോടെ താരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മായങ്കിനൊപ്പം ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും ആദ്യമായി ടീമിലെത്തി.
ഒക്ടോബര്‍ ആറാം തീയതി ഗ്വാളിയറിലാണ് ആദ്യ ടി20. ഒമ്പതാം തീയതി ഡല്‍ഹിയില്‍ രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും. 2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷന് നീക്കങ്ങള്‍. മായങ്ക് യാദവ് ഉള്‍പ്പെടെയുള്ള താരങ്ങളെ നേരത്തേ കണ്ടെത്തി മികച്ച ടി20 ലോകകപ്പ് ടീമിനെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം.
ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.