തിരുവനന്തപുരം – വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പ്ലസ് വൺ സീറ്റിന്റെ പേരിലുള്ള എം.എസ്.എഫ് നേതാവിന്റെ ടീ ഷർട്ട് പ്രതിഷേധത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി.
‘പ്രതിഷേധമെന്ന് പറയുമ്പോൾ പത്തോ നൂറോ പേരൊക്കെ വേണ്ടേ? ഇത് ആരോ ഒരാൾ ടീ ഷർട്ട് ഉയർത്തി എന്തോ കാണിച്ച് പോയി. കണ്ടിട്ട് വിദ്യാർത്ഥിയാണെന്ന് തോന്നുന്നില്ലെന്നും’ എം.എസ്.എഫ് സംസ്ഥാന നേതാവ് നൗഫലിന്റെ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി പ്രതികരിച്ചു.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്‌നം ചൂണ്ടിക്കാട്ടിയ എം.എസ്.എഫ് നേതാവിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോൾ പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പിനാണ്. അതിന് മുന്നിൽ മുട്ടുകുത്തുന്ന പ്രശ്‌നമില്ലെന്നും പ്രതികരിച്ചു.
പ്ലസ് വൺ സീറ്റ് വിവാദം എല്ലാ വർഷവും ഉള്ളതാണ്. പഠിക്കാൻ താൽപര്യമുള്ള എല്ലാ കുട്ടികൾക്കും സർക്കാർ സീറ്റൊരുക്കും. കേരളത്തിലേതു പോലെ അടിസ്ഥാന സൗകര്യങ്ങൾ വേറെ എവിടെയാണുള്ളതെന്നും മന്ത്രി ചോദിച്ചു.
സംസ്ഥാനത്ത് ജൂൺ മൂന്നിന് പുതിയ അധ്യയനവർഷം ആരംഭിക്കും. എറണാകുളം ഇളമക്കര സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. 25ന് എല്ലാ സ്‌കൂളുകളിലും ശുചീകരണം നടത്തണം. ഭിന്നശേഷി കുട്ടികൾക്ക് പ്രവേശനം നൽകാത്ത സംഭവമുണ്ടായാൽ കർശന നടപടി സ്വീകരിക്കും. ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തിൽ ഹൈക്കോടതിയുടെ തീരുമാനമനുസരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group