തിരുവനന്തപുരം – മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ താത്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് റിപോർട്ട് നൽകാൻ രണ്ടംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ, മലപ്പുറം ആർ.ഡി.ഡി എന്നിവരാണ് സമിതി അംഗങ്ങളെന്നും മന്ത്രി അറിയിച്ചു.
ജൂലൈ അഞ്ചിനകം രണ്ടംഗ സമിതി റിപോർട്ട് നൽകണം. ഈ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവേശന നടപടികൾ ആരംഭിക്കും. പ്രവേശനം സംബന്ധിച്ച നിബന്ധനകളിൽനിന്ന് പിന്മാറാൻ സാധിക്കില്ല. അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും. പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും സീറ്റ് ഉറപ്പാക്കും. ഇതിനകം ക്ലാസ് നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് നല്കി പഠന സൗകര്യങ്ങളൊരുക്കുമെന്നും വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ചയ്ക്കുശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്ലസ് വണ്ണിന് മലപ്പുറത്ത് 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണുള്ളത്. മലപ്പുറത്ത് ഏഴു താലൂക്കിൽ സയൻസ് സീറ്റ് അധികവും കൊമേഴ്‌സ്, ഹ്യൂമാനീറ്റിസ് സീറ്റുകൾ കുറവുമാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറത്ത് സർക്കാർ മേഖലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 85 സ്‌കൂളുകളും എയിഡഡ് മേഖലയിൽ 88 സ്‌കൂളുകളുമാണുള്ളത്. ഹയർ സെക്കൻഡറി രണ്ടാം വർഷം ഇപ്പോൾ പഠിക്കുന്നത് 66,024 കുട്ടികളാണ്. നിലവിലെ മലപ്പുറത്തിന്റെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുക എന്നത് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ജൂലൈ രണ്ടിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കയാണ്. രണ്ട്, മൂന്ന്, നാല് തിയ്യതികളിലായി സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. സംസ്ഥാനത്തെമ്പാടുമുള്ള താലൂക്ക് തല സ്ഥിതി വിവരക്കണക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. നിലവിൽ ജൂലൈ 31-നകം അഡ്മിഷൻ അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രവേശന ഷെഡ്യൂൾ ക്രമപ്പെടുത്തിയത്. വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ച ആരോഗ്യപരമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചർച്ചയിൽ 15 വിദ്യാർത്ഥി സംഘടനകൾ പങ്കെടുത്തു. പ്ലസ് വൺ ആരംഭിച്ച കാലം മുതൽ സീറ്റ് പ്രശ്‌നങ്ങളുണ്ട്. അതല്ലാതെ, ഇടതു സർക്കാരിന്റെ കാലത്ത് മാത്രമുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group