കോഴിക്കോട്: സംഘടിത സകാത്ത് ഇസ്‌ലാമികമല്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സുന്നി പ്രാസ്ഥാനിക കുടുംബം കോഴിക്കോട് പന്തീരങ്കാവിൽ നിർമിച്ച ശൈഖ് അബൂബക്കർ ടവർ സമർപ്പണ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ ഇസ്‌ലാമിനെ നല്ല കുപ്പിയിലിട്ട് മായം ചേർത്തി കുടിപ്പിക്കുന്ന രീതിയാണിത്. സകാത്ത് എങ്ങനെ കൊടുക്കണമെന്ന് പൂർവികരായ ഇസ്‌ലാമിക കർമശാസ്ത്ര പണ്ഡിതർ പഠിപ്പിച്ചുതന്നിട്ടുണ്ട്. ഇതിനെയെല്ലാം ആക്ഷേപിക്കുകയും സംഘടിത സകാത്ത് അംഗീകരിക്കാനാകില്ലെന്ന് പറയുന്ന സുന്നികൾക്കെതിരെ തെറ്റിദ്ധാരണ പരത്തുകയുമാണ് ചിലർ ചെയ്യുന്നതെന്നും കാന്തപുരം കുറ്റപ്പെടുത്തി.
തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസിൽ 49 സെന്റ് ഭൂമിയിൽ മൊത്തം ആറ് നിലകളിലായി 60,000 സ്‌ക്വയർ ഫീറ്റിലാണ് എസ്.എ ടവർ. മൂന്ന് നിലകളിലുള്ള 25,600 സ്‌ക്വയർഫീറ്റ് കെട്ടിടമാണ് ആദ്യഘട്ടത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് സ്‌നേഹാദരമായി കോഴിക്കോട് ജില്ലയിലെ സുന്നി സംഘടനാ കുടുംബം സമർപ്പിച്ചത്.

ജില്ലയിലെ സുന്നി സംഘടനകളുടെ ആസ്ഥാനമായാണ് ശൈഖ് അബൂബക്കർ ടവർ പ്രവർത്തിക്കുക. ഖാസി ഹൗസ്, മുസാഫിർ ഖാന, പ്രവാസി കോർണർ, ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ, യാത്രക്കാരായ സ്ത്രീകൾക്കുള്ള വിശ്രമ കേന്ദ്രം, നഗരത്തിലെത്തുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കുമുള്ള ഹോസ്റ്റൽ സൗകര്യം എന്നിവയാണ് ടവറിൽ ഒരുക്കുകയെന്ന് നേതാക്കൾ വ്യക്തമാക്കി.
ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു. ടവർ സമർപ്പണത്തിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, മൗലാന മെഹ്ദുമിയ ചിശ്തി അജ്മീർ തുടങ്ങിയർ നേതൃത്വം നൽകി. പേരോട് അബ്ദുർറഹ്മാൻ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി എന്നിവർ സന്ദേശ പ്രഭാഷണം നടത്തി. ജി അബൂബക്കർ റിപോർട്ട് അവതരിപ്പിച്ചു. സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, ഡോ. എ.പി അബ്ദുൽ ഹക്കീം അസ്ഹരി, എം.എൽ.എമാരായ അഹ്മദ് ദേവർകോവിൽ, അഡ്വ. പി ടി എ റഹീം പങ്കെടുത്തു. ടി കെ അബ്ദുർറഹ്മാൻ ബാഖവി സ്വാഗതവും സലീം അണ്ടോണ നന്ദിയും പറഞ്ഞു.