കൊല്ലം: കൊട്ടാരക്കരയിൽ സ്വകാര്യ ബസിൽ നായക്കുട്ടിയെ കയറ്റിയതുമായി ബന്ധപ്പെട്ട വാക്കേറ്റം കൂട്ടത്തല്ലിൽ കലാശിച്ചു. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. രണ്ട് യുവാക്കൾ ബസിൽ നായക്കുട്ടിയുമായി കയറുകയായിരുന്നു.
ബസ് ജീവനക്കാർ ഇത് തടഞ്ഞെങ്കിലും യുവാക്കൾ കൂട്ടാക്കാതെ നായയെ ബസിൽ കയറ്റുകയായിരുന്നു. തുടർന്ന് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഇത് ചോദ്യം ചെയ്തതോടെ യുവാക്കളുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
തുടർന്ന് ബസിൽ വെച്ച് നായ ബഹളം വെച്ചതോടെ കൂടുതൽ വാക്കുതർക്കങ്ങളായി. നായക്കുട്ടിയുമായി ഇറങ്ങണമെന്ന് വിദ്യാർത്ഥികളും ബസ് ജീവനക്കാരും യുവാക്കളോട് ആവശ്യപ്പെട്ടതോടെ കയ്യാങ്കളിയിലെത്തുകയായിരുന്നു. ബസിനകത്തും പുറത്തിറങ്ങിയും ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ശേഷം നാട്ടുകാർ ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്.
ഇന്നലെ വൈകീട്ടാണ് സംഭവം. പുത്തൂരിൽനിന്നും കൊല്ലത്തേക്ക് പുറപ്പെട്ട ബസിലാണ് നായക്കുട്ടിയുമായി രണ്ടു യുവാക്കൾ കയറിയത്. വിദ്യാർത്ഥികളും ഒട്ടേറെ യാത്രക്കാരും അടക്കം തിരക്കുള്ള സമയമായതിനാൽ നായക്കുട്ടിയുമായി കയറരുതെന്ന് ബസ് ജീവനക്കാർ വിലക്കിയെങ്കിലും യുവാക്കൾ അംഗീകരിച്ചില്ല.
സംഭവത്തിൽ കൈതക്കോട് സ്വദേശികളായ അമൽ, വിഷ്ണു എന്നി രണ്ടു യുവാക്കളെ കസ്റ്റഡിയിലെത്തതായി പോലീസ് അറിയിച്ചു. വൈദ്യപരിശോധനയിൽ ഇവർ മദ്യപിച്ചതായി കണ്ടെത്തിയെന്നും ഇരുവരേയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും പോലീസ് പറഞ്ഞു.