കോഴിക്കോട്: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ആവേശത്തോടെ സ്വാഗതം ചെയ്യുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
ബി ജെ പിയെ ദുർബലപ്പെടുത്താൻ അവരെ നന്നായി അറിയുന്നവർ വരണം. സന്ദീപ് പാലക്കാട് തെരഞ്ഞെടുപ്പിൽ കൂടുതൽ ഊർജം പകരുമെന്നും ലീഗുമായി ആശയ വിനിമയം നടത്തിയിരുന്നതായും ഫിറോസ് വെളിപ്പെടുത്തി.
ബി.ജെ.പിയുമായി ഇടഞ്ഞതിന് പിന്നാലെ സന്ദീപിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി സി.പി.എം നേതാക്കൾ പാർട്ടിയിലെത്തിക്കാൻ സജീവ നീക്കങ്ങൾ തുടരുന്നതിനിടെയാണ് കോൺഗ്രസ് ക്യാമ്പ് അപ്രതീക്ഷിത നീക്കങ്ങളിലൂടെ സന്ദീപിനെ പാർട്ടിയിലെത്തിച്ചത്.
പ്രതിപക്ഷ നേതാവാണ് തന്ത്രപരമായ ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്. കോൺഗ്രസ് സംസ്ഥാന-ദേശീയ നേതൃത്വം ഇതിന് പച്ചക്കൊടി വിശിയതിന് പിന്നാലെ പ്രധാന ഘടകക്ഷി നേതാക്കളുമായും ആശയവിനിമയം നടത്തിയതായാണ് വിവരം. ഇന്നലെ രാത്രിയാണ് എ.ഐ.സി.സി നേതൃത്വം സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയത്.
തുടർന്ന് ഇന്ന് സന്ദീപ് വാര്യറെ നേതാക്കൾ പാർട്ടിയുടെ പാലക്കാട് ഓഫീസിൽ എത്തിക്കുകയായിരുന്നു. താൻ കോൺഗ്രസ് നൽകിയ ഈ ഷാളിട്ട് ഇവിടെ ഇരിക്കുന്നുവെങ്കിൽ അതിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമാണെന്ന് സന്ദീപ് പറഞ്ഞു. ഞാൻ വെറുപ്പിന്റെ കടയിൽനിന്ന് സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് വഴിമാറുകയാണെന്നും സന്ദീപ് പ്രഖ്യാപിച്ചു.
ധർമ്മരാജന്റെ കോൾ ഹിസ്റ്ററിയിൽ പേരില്ലാത്തതാണ് തന്റെ കുറ്റം. കൊടകരയും കരുവന്നൂരും വച്ചുമാറുന്ന അഡ്ജസ്റ്റ്‌മെന്റ് എതിർത്തതാണ് താൻ ചെയ്ത തെറ്റ്. കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണെന്നും ആ മഹാസമുദ്രത്തിൽ താനൊരു കണ്ണിയാവുകയാണെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.