- ഒരു സമുദായത്തിൽപെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണ്. ആ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫിയുടെ നിലപാടെന്നും വിമർശം.
പാലക്കാട്: കോൺഗ്രസിൽ നടക്കുന്ന തെറ്റായ സമീപനങ്ങളിൽ സഹികെട്ട് പാർട്ടി വിടുകയാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയെടുത്ത തീരുമാനങ്ങൾ തെറ്റാണെന്നും രാഷ്ട്രീയ വഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി.ഡി സതീശന്റെയും നേതൃത്വത്തിൽ നടക്കുന്നതെന്നും ഷാനിബ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇന്നെനിക്ക് സന്തോഷകരമായ ദിവസമല്ല. ഒരിക്കലും ഇതുപോലെ വന്നിരിക്കേണ്ടി വരുമെന്ന് വിചാരിച്ചതല്ല. ഇത്തരമൊരു തീരുമാനം ആരും പ്രതീക്ഷിച്ചതുമല്ല. 15-ാം വയസ്സിൽ കോൺഗ്രസ് പ്രവർത്തകനായതാണ്. ഇതൊന്നും തള്ളല്ല. തന്റെ നാട്ടിലെ സാധാരണ കോൺഗ്രസുകാരോട് ക്ഷമ ചോദിക്കുന്നു. ഇങ്ങനെ പോയാൽ കേരളത്തിൽ പാർട്ടിയുടെ അവസ്ഥ പരിതാപകരം. തുടർച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും പാർട്ടി തിരുത്താൻ തയ്യാറായില്ല. വലിയ പ്രതിസന്ധികളുണ്ടായ സമയമുണ്ട്. പക്ഷേ, ഇന്ന് രാവിലെയാണ് ഉമ്മയോട് പാർട്ടി വിടുന്ന കാര്യം പറഞ്ഞത്. ആലോചിച്ച് ചെയ്യണമെന്നാണ് അറബിക് ടീച്ചറായ ഉമ്മ പറഞ്ഞതെന്നും വേദനയോടെ ഷാനിബ് പറഞ്ഞു.
പാലക്കാട്ടെ പാർട്ടി സ്ഥാനാർത്ഥി നിർണയത്തിന് പിന്നിൽ അജണ്ടയുണ്ട്. ചിലരുടെ തെറ്റായ സമീപനങ്ങളും നീക്കങ്ങളുമാണ് ഇപ്പോഴത്തെ സാഹചര്യം ഉണ്ടാക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട്ടെ പല കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിർപ്പുണ്ട്. വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചത്.
ഡോ. സരിൻ പറഞ്ഞത് കൃത്യമായ കാര്യങ്ങളാണ്. പ്രതീക്ഷിക്കാത്ത തീരുമാനങ്ങളാണ് പാർട്ടിയിൽ നിന്നുണ്ടായത്. വടകര ഡീലിന്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ. പാലക്കാട് നിന്നും വടകരയിലേക്ക് എന്തിനാണ് ഒരാൾ പോയത്. പാർട്ടിയിൽ പാലക്കാട് എം.എൽ.എയായ ഷാഫിയല്ലാതെ ആരും ന്യൂനപക്ഷ സമുദായത്തിൽനിന്നും ഇല്ലേ? എറണാകുളം ഡി.സി.സി പ്രസിഡന്റ് ഉണ്ടായിരുന്നില്ലേ?
ചിലർ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോയി നാടകം കളിക്കുകയാണ്. പാർട്ടിയിലുണ്ടായിരുന്ന എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ഉമ്മൻചാണ്ടി പോയശേഷം പരാതി കേൾക്കാൻ ആളില്ല. ഇപ്പോൾ, ഉമ്മൻചാണ്ടി സാറിന്റെ പേരിൽ നടത്തുന്ന നാടകം കണ്ടാണ് പാർട്ടി വിടുന്നത്. പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണിവർ.
ഒരാൾ മാത്രമായി പാലക്കാട്ടെ കോൺഗ്രസ് മാറി. പ്രായം കഴിഞ്ഞാണ് ഷാഫി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയത്. പാർട്ടി ഭരണഘടന മാറ്റിയാണ് ഷാഫിയെ പ്രസിഡന്റാക്കിയത്. താൻ മാത്രം മതി എന്നാണിവരുടെ ധാരണ. ക്രൂരമായ അവഗണനയും അവഹേളനവുമുണ്ടായി. തെറ്റിനെതിരെ പ്രതികരിക്കുന്നവരെ ഫാൻസുകാരെകൊണ്ട് അപമാനിക്കുകയാണ്. കെ.സി വേണുഗോപാലിനോടും പരാതി പറഞ്ഞു. ഡോ. സരിൻ എട്ട് വർഷമാണെങ്കിൽ താൻ 22 വർഷം പാർട്ടിയിൽ പ്രവർത്തിച്ചു. ഞങ്ങൾ നടത്തിയ പോരാട്ടത്തിന്റെ സമ്പാദ്യമാണ് ഈ ഫയലെന്നും പാർട്ടി പ്രവർത്തനത്തിന്റെ രേഖകൾ സൂക്ഷിച്ച ഫയൽ ഉയർത്തി ഷാനിബ് പറഞ്ഞു.
പാലക്കാട് ഒരു സമുദായത്തിൽപെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണ്. ആ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫിയുടെ നിലപാട്. ഷാഫിക്കു വേണ്ടി യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് രീതി തന്നെ മാറ്റി. ഉമ്മൻ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി കൂടുതൽ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മൻചാണ്ടി ഷാഫിയെ അറിയിച്ചു. ഷാഫിയാകട്ടെ അത് അട്ടിമറിച്ച് വി.ഡി സതീശനൊപ്പം നിന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി സതീശൻ ആർ.എസ്.എസിന്റെ കാല് പിടിക്കുകയാണിപ്പോൾ.
വ്യക്തിപരമായ നേട്ടത്തിനല്ല പാർട്ടി വിടുന്നത്. നിവൃത്തികേട് കൊണ്ടാണ് പലരും പാർട്ടിയിൽ മിണ്ടാതെ നിൽക്കുന്നത്. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാർട്ടിയിൽ നടക്കുന്നതെന്നും ദുരനുഭവങ്ങൾ നിരത്തി ഷാനിബ് വിതുമ്പലോടെ വ്യക്തമാക്കി.