കോഴിക്കോട്: തിരുവമ്പാടിയിൽനിന്നും സ്കൂളിലേക്ക് പോയി ഒരാഴ്ച മുമ്പ് കാണാതായ 14-കാരിയെ നാട്ടിലെത്തിച്ചു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽനിന്നും റെയിൽവേ പോലീസാണ് പെൺകുട്ടിയെ കണ്ടെത്തി മുക്കം പോലീസിനെ വിവരം അറിയിച്ചത്.
കുട്ടിയെ പ്രണയം നടിച്ച് യുവാവ് തട്ടിക്കൊണ്ടുപോയതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ ഇടുക്കി പീരുമേട് സ്വദേശി അജയ്(24)നെ അറസ്റ്റ് ചെയ്തതായി മുക്കം പോലീസ് അറിയിച്ചു. പിടിയിലായ പ്രതി നിരവധി കളവുകേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി ഒക്ടോബർ അഞ്ചിനാണ് ഡാൻസ് പഠിക്കാൻ സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയത്. വീട്ടിൽ ഉപയോഗിക്കുന്ന ഫോണും കുട്ടിയുടെ കൈവശമുണ്ടായിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനം കാണിച്ചത് പാലക്കാട് ആണെന്ന് കണ്ടെത്തി. കുട്ടി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാം എന്ന നിഗമനത്തിലുള്ള അന്വേഷണത്തിനിടയിലാണ് പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തിന്റെ കൂടെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയിൽനിന്നും കുട്ടിയിൽനിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് പ്രതികരിച്ചു.