കൊച്ചി – ബ്രിട്ടനിലേക്ക് ജോലിക്കായി പോകുന്നതിനിടെ യുവതി കൊച്ചി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടുരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യാ സുരേന്ദ്രനാണ് മരിച്ചത്. മരണകാരണം കാര്‍ഡിയാക് ഹെമറേജ് മൂലമാണെന്നാണ് സൂചന.
ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. രാവിലെ 11.30ന് പള്ളിപ്പാട്ടെ വീട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. വഴിയിലുടനീളം സൂര്യ ഛര്‍ദിക്കുന്നുണ്ടായിരുന്നു. പക്ഷേ അത് അത്ര ഗൗരവമായെടുത്തില്ല. വിമാനത്താവളത്തിലെത്തിയ സൂര്യ രാത്രി എട്ട് മണിയോടെ എമിഗ്രേഷന്‍ പരിശോധനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് ആരോഗ്യ നില വഷളാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് യുവതിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായതെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. യാത്ര പുറപ്പെടുന്നതിന് മുന്‍പ് അയല്‍വീട്ടിലെ അരളിച്ചെടിയുടെ പൂവ് യുവതി കടിച്ചുതിന്നിരുന്നു. ഇതേ തുടര്‍ന്നാകാം കാര്‍ഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പ്രകടിപ്പിച്ചതായി കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ അഭിലാഷ് കുമാര്‍ പറഞ്ഞു. യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. വണ്ടാനം മെഡിക്കല്‍ കേളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടന്നത്. ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളു.