കണ്ണൂർ / മലപ്പുറം: കണ്ണൂരിൽ വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്സ് ലക്ഷണങ്ങളെന്ന് സംശയം. അബൂദബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിനിയായ 32-കാരിക്കാണ് എം പോക്സ് ലക്ഷണങ്ങളുള്ളത്.
യുവതിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിൾ പരിശോധനയ്ക്കയച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ദുബൈയിൽ നിന്നെത്തിയ 38-കാരനായ മലപ്പുറം എടവണ്ണ ഒതായി സ്വദേശിക്ക് കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളജിൽ എം പോക്സ് രോഗം സ്ഥിരീകരിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും രോഗസ്ഥിരീകരണമായിരുന്നു ഇത്.
അതിനിടെ, മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകദേദം രണ്ട് ബിയാണെന്നാണ് ലാബ് പരിശോധനാ ഫലം. മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്ന ആശങ്ക ഒഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് ആരോഗ്യ പ്രവർത്തകർ.
ടു ബി വകഭേദം ആയതിനാൽ വായുവിലൂടെ ഈ വൈറസ് വ്യാപിക്കില്ല. രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂവെന്നും രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം വീണ്ടുമെത്തും. രോഗവാഹകർ എന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവ് ആണെന്നും ഏഴ് പേരുടെ പരിശോധനാ ഫലം കൂടി പുറത്ത് വരാനുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു.