മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ എം പോക്‌സ് രോഗ ലക്ഷണങ്ങളോടെ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടവണ്ണ സ്വദേശിയായ 38-കാരനാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ചയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗത്തിൽ യുവാവ് ചികിത്സ തേടിയത്. ഗൾഫിൽ നിന്നും ഈയിടെ നാട്ടിലെത്തിയ യുവാവിന് പനിയും തൊലിപ്പുറത്ത് ചിക്കൻപോക്‌സിന് സമാനമായ തടിപ്പുകളും കണ്ടതോടെ നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടർമാർ പറഞ്ഞു. യുവാവിന്റെ സ്രവ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
എംപോക്‌സാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മുൻകരുതലെന്നും പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ആശങ്ക വേണ്ടെന്നും അധികൃതർ പറഞ്ഞു.
അതിനിടെ, മലപ്പുറം വണ്ടൂരിനടുത്ത നടുവത്ത് ഈയിടെ മരിച്ച വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിച്ചതോടെ ജില്ലയിൽ പ്രതിരോധ ബോധവത്കരണ പരിപാടികൾ ഊർജിതമാക്കിയിരിക്കുകയാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നിട്ടുണ്ട്. പേവാർഡ് ബ്ലോക്കിലെ രോഗികളെ മാറ്റിയാണ് ഐസൊലേഷൻ വാർഡാക്കിയത്. പുരുഷ വാർഡ് ഐ.സി.യുവാക്കിയും ക്രമീകരിച്ചു. വെന്റിലേറ്റർ സൗകര്യത്തോടെ 30 കിടക്കകളാണ് ഇവിടെ ഒരുക്കിയത്. കൂടുതൽ രോഗികൾ എത്താനിടയായാൽ കൂടുതൽ കിടക്കകൾ ഏർപ്പാടാക്കും. നിപ ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കളായ പത്തു പേർ ഇവിടെ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങളുമായി ചികിത്സതേടുന്നവരെ നിരീക്ഷിക്കാനും സ്രവം പരിശോധിക്കാനും ട്രയേജ് സംവിധാനം ഒരുക്കി.
നിപ സാന്നിധ്യമുണ്ടായ മേഖലയിൽനിന്ന് എത്തുന്നവരെയും മരിച്ച വിദ്യാർത്ഥിയുമായി രണ്ടാം സമ്പർക്കത്തിലുള്ളവരെയും പരിചരിക്കുന്നതിനാണ് ട്രയേജ് സംവിധാനം. രോഗിയുടെ ശരീര താപനില, ഓക്‌സിജൻ ലെവൽ, രക്തസമ്മർദ്ദം തുടങ്ങിയ വിവരങ്ങൾ ആദ്യം രേഖപ്പെടുത്തും. നഴ്‌സിങ് സൂപ്രണ്ട് / അത്യാഹിത വിഭാഗം ഹെഡ് നഴസ് / പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സ് ഇവർക്കാണ് ഇതിന്റെ ചുമതല. പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചിട്ടുണ്ട്. ഡോ. നിഖിൽ വിനോദ് നോഡൽ ഓഫീസറാണ്.