പത്തനാപുരം– ഓൺലൈൻ ഗെയിമിന്റെ ആസക്തിയിൽ വീണ സ്കൂൾ ജീവനക്കാരനായ യുവാവ് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ. കൊല്ലം പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ പ്യൂൺ ആയിരുന്ന മലപ്പുറം പോത്തുകൽ മുതുകുളം ഈട്ടിക്കൽ ഹൗസിൽ പരേതനായ കുഞ്ഞുമോൻ തോമസിന്റെയും മറിയാമ്മയുടെയും മകൻ ടോണി കെ. തോമസിനെ (27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിവായി രാവിലെ ടോണി എത്തി സ്കൂളിന്റെ പ്രധാന കവാടം തുറക്കാറുണ്ടായിരുന്നു. എന്നാൽ, തിങ്കളാഴ്ച രാവിലെ 9 മണി കഴിഞ്ഞിട്ടും കവാടം അടഞ്ഞുകിടക്കുന്നത് കണ്ട് സഹപ്രവർത്തകർ ടോണിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന്, ടോണി താമസിച്ചിരുന്ന പത്തനാപുരം ടൗണിലെ ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റ് ഉടമയിൽനിന്ന് മറ്റൊരു താക്കോൽ വാങ്ങി മുറി തുറന്നപ്പോഴാണ് ടോണിയെ തൂങ്ങിനിൽക്കുന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി ടോണി ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. ആറ് മാസം മുമ്പ് വീട്ടുകാർ ഇടപെട്ട് അദ്ദേഹത്തിന് കൌൺസലിങ് നൽകിയിരുന്നു. എന്നാൽ, ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും കടം വാങ്ങി ടോണി ഗെയിമിൽ തുടർന്നും പങ്കെടുത്തിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി, തുടർന്ന് ബന്ധുക്കൾക്ക് കൈമാറി. പത്തനാപുരം മൗണ്ട് താബോർ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം നിലമ്പൂരിലേക്ക് കൊണ്ടുപോയി.