കൊല്ലം: കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ പുത്തൂർ വല്ലഭൻകരയിൽ എസ്.എൻ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ലാലുമോൻ തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വല്ലഭൻകരയിലെ ലാലു മോന്റെ വീട്ടിൽ വച്ചാണ് സംഭവം.
ലാലുമോൻ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. ശാരുവിന്റെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ചോര വാർന്ന് ഒലിച്ചുകിടക്കുന്ന സ്ഥിതിയിലായിരുന്നു. ശാരു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പിന്നാലെ ലാലുമോനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 2022-ൽ ശാരുവിനെ റബർ തോട്ടത്തിൽ കെട്ടിയിട്ട സംഭവത്തിൽ യുവതി ഇയാൾക്കെതിരെ പരാതി നല്കിയിരുന്നു. ഈ കേസിൽ ജയിലിലായ ലാലുമോൻ അടുത്തിടെയാണ് മോചിതനായതെന്നും പറയുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ശാസ്താം കോട്ട പോലീസ് പറഞ്ഞു.