മലപ്പുറം: ആർ.എസ്.എസിനേക്കാൾ വലിയ വിഷമാണ് സി.ഡി ടവർ മുജാഹിദിലെ ഡോ. അബ്ദുൽ മജീദ് സ്വലാഹിയെ പോലുള്ളവരെന്ന് യു ട്യൂബർ യാസർ പൂക്കോട്ടുംപാടം.
‘ഫലസ്തീനിലെ സ്വാതന്ത്ര്യസമര പോരാളികളെ അധിക്ഷേപിച്ച് അവരെ രക്തസാക്ഷികളെന്ന് വിളിക്കാൻ പാടില്ലെന്നാണ് മജീദ് സ്വലാഹി പറയുന്നത്. സംഘടനാ സങ്കുചിതത്വം കാരണം വെറുപ്പിന്റെ പേരിൽ യാതൊരു ചരിത്ര പിൻബലവുമില്ലാതെ മജീദ് സ്വലാഹി പറഞ്ഞാലും ഞാൻ പറഞ്ഞാലും കാലം ഇതിനെല്ലാം കൃത്യമായി കണക്ക് ചോദിക്കുമെന്നും യാസർ വ്യക്തമാക്കി.
മജീദ് സ്വലാഹിയുടെ പഴയ ഒരു പ്രസംഗ വീഡിയോ ഉദ്ധരിച്ചാണ് യാസർ, സ്വലാഹിക്കെതിരെ വീണ്ടും രംഗത്തുവന്നത്. ഫലസ്തീൻ പോരാട്ടം, ഹമാസ്, ഹിസ്ബുല്ല തുടങ്ങിയവയെക്കുറിച്ചുള്ള മജീദ് സ്വലാഹിയുടെ നിലപാടിനെ വിമർശിച്ച് കെ.എൻ.എമ്മിനെ കേരള നെതന്യാഹു മുജാഹിദീൻ എന്നാണ് വിളിക്കേണ്ടതെന്ന് യാസർ പരിഹസിച്ചിരുന്നു. സമൂഹമാധ്യമത്തിൽ ഇതിന് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. കോഴിക്കോട് നടന്ന സി.ഡി ടവർ മുജാഹിദ് സമ്മേളനത്തോട് അനുബന്ധിച്ച് സംഘപരിവാർ ചാനലായ ജനം ടി.വിക്ക് മജീദ് സ്വലാഹി നൽകിയ വിവാദ അഭിമുഖവും യാസർ ഓർമിപ്പിക്കുന്നുണ്ട്.
പിറന്ന മണ്ണിൽ ജീവശ്വാസത്തിനായി പൊരുതുന്ന ഫലസ്തീൻ ജനതയെ അധിക്ഷേപിച്ച മജീദ് സ്വലാഹിയെ തള്ളിപ്പറയാത്ത നേതൃ നിലപാടിനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശം ഉയരുന്നതിന് പിന്നാലെയാണ് മജീദ് സ്വലാഹിയുടെ പഴയ പ്രസംഗം കുത്തിപ്പൊക്കി വീണ്ടും വിവാദങ്ങൾ ഉയരുന്നത്.
മജീദ് സ്വലാഹിയുടെ ഫലസ്തീൻ സംബന്ധിച്ച നിലപാടിനെ പൊതുവെ മുസ്‌ലിം സംഘടനകളെല്ലാം തള്ളുമ്പോഴും കെ.എൻ.എം സി.ഡി ടവർ വിഭാഗം ഇതുവരെയും രംഗത്തുവന്നിട്ടില്ല. എന്നാൽ ഒറ്റപ്പെട്ട ചില നേതാക്കൾ ഫലസ്തീൻ പോരാളികൾക്ക് ഒപ്പമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും നിലപാടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
യാസർ പങ്കുവെച്ച മജീദ് സ്വലാഹിയുടെ വിവാദ വീഡിയോ ക്ലിപ്പിൽ പറയുന്നത് ഇങ്ങനെയാണ്…
‘ഹമാസിനെക്കുറിച്ച് എന്റെ ചെറുപ്പക്കാർക്ക് സംശയമുണ്ടാവും. അവർ ഫലസ്തീനിനെ സംരക്ഷിക്കുന്നവർ അല്ലേ എന്ന്. ഫലസ്തീൻ ജനതയ്ക്ക് ഏറ്റവും വലിയ ശല്യവും ഭാരവുമായി തീർന്നിരിക്കുകയാണ് ഇന്ന് ഹമാസ്. അവരുടെ നേതാക്കൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസോർട്ടുകളിലിരുന്ന്, റിമോർട്ടായി ആളുകളെ നിയന്ത്രിക്കുകയും ഫണ്ടുകൾ സ്വരൂപിക്കുകയും ഫലസ്തീൻ ജനതയെ ഒറ്റുകൊടുക്കുകയും രാഷ്ട്രീയം കളിക്കുകയും ചെയ്യുകയാണ്. അവരും പറയുന്നു: ഞങ്ങൾ ചെറുത്തു നിൽപ്പ് പ്രസ്ഥാനമാണ്, പ്രതിരോധ സേനയാണ് എന്ന്. എന്ത് ചെറുത്തുനിൽപ്പാണവർ നടത്തുന്നത്? ഇസ്രായേലിനെ ഇളക്കിവിട്ട് ഫലസ്തീനിൽ ബോംബിടാനുള്ള അവസരം ഒരുക്കിക്കൊടുത്ത് ഫലസ്തീനിനെ തന്നെ തകർക്കാനും ഭൂതലത്തിൽ തന്നെ ഇല്ലാതാക്കാനും ഓരോ ദിവസവും പണിയെടുത്ത് അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയാണ്. അവർ ചെയ്യുന്നതിനെ, അവർ അരുംകൊല നടത്തുന്നതിനെ രക്തസാക്ഷിത്വവുമായി ബന്ധപ്പെടുത്തി പറയുന്നത് ഏറ്റവും വലിയ അപരാധമാണ്.’ എന്നാണ് മജീദ് സ്വലാഹിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇയാളുടെ ഇത്തരം നിലപാടിനോട് തനിക്ക് പരമ പുച്ഛമാണെന്ന് യെസ് വിഷനിലൂടെ വ്‌ളോഗർ യാസർ വിശദീകരിക്കുന്നു. വെറുപ്പിന്റെ പേരിൽ മറ്റുള്ള സംഘടനകളെയൊക്കെ ഈ വിധം തീവ്രവാദികളാക്കി മാറ്റാൻ, ഒരു തെളിവുമില്ലാതെ എന്തൊക്കെയോ പ്രചരിപ്പിക്കുകയാണ്. ഇത്തരം ആരോപണം ഉന്നയിക്കാൻ എന്ത് ആശയ പിൻബലമാണ് മജീദ് സ്വലാഹിക്കുള്ളത്?
ഇസ്രായേൽ, ഫലസ്തീൻ ജനതയ്ക്കു മേൽ അധിനിവേശം നടത്തിയതിനെയും ആരാധനാ സ്വാതന്ത്ര്യം അടക്കം കവർന്ന് അവരുടെ ജീവനും സ്വത്തിനുമെല്ലാം വിവരിക്കാനാവാത്ത വിധം നാശനഷ്ടങ്ങളുണ്ടാക്കി കത്തിച്ചാമ്പലാക്കുമ്പോഴും ഇത്തരം വഷളത്തരം പറയാൻ എങ്ങനെ തോന്നുന്നു? ഇതിനെതിരെ പ്രതികരിക്കുന്നവരെ തീവ്രവാദികൾ എന്ന് വിളിക്കാൻ തോന്നുന്ന മജീദ് സ്വലാഹിയുടെ തൊലിക്കട്ടി അപാരമാണ്, തൂക്കമൊപ്പിക്കാനുള്ള ഇത്തരം ഛർദ്ദികൾ വല്ലാത്തൊരു അവസ്ഥയാണ്. ഫലസ്തീൻ സ്വാതന്ത്ര്യസമര പോരാളികളെയൊന്നും രക്തസാക്ഷികളായി കാണാനാവില്ലെന്ന് ഇയാൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്?
ഇസ്രായേലിന്റെ നരനായാട്ടിൽ, ബോംബ് വർഷത്തിൽ ഫലസ്തീനിൽ, ഗാസയിൽ മരിച്ച കുരുന്നുകളും സ്ത്രീകളും ഉൾപ്പെടെയുള്ള പതിനായിരങ്ങളെ രക്തസാക്ഷികളുടെ ഗണത്തിൽ കൂട്ടാൻ പറ്റില്ലെന്ന് ഇയാൾ എന്തടിസ്ഥാനത്തിലാണ് പറയുന്നത്? ആ നാട്ടിൽ പിറന്നുവീണവരുടെ സ്വാതന്ത്ര്യസമര ദാഹത്തെ ഭീകരവാദികളാക്കി എങ്ങനെ ചിത്രീകരിക്കാനാവും? നമ്മൾ ഇസ്രായേലിനെയും ആർ.എസ്.എസിനെയും പറയും. പക്ഷേ, ഇത്തരത്തിലുള്ള ആളുകൾ ആർ.എസ്.എസിനേക്കാളും വിഷമാണെന്ന് പറയേണ്ടി വരും.
വലിയ മലകണക്കെ അനീതി പ്രവർത്തിക്കുമ്പോൾ, നീതിക്കു വേണ്ടി എണീറ്റുനിന്ന് സംസാരിക്കുന്ന ചെറിയ ചെടികളെയും വലിയ സ്വാതന്ത്ര്യസമര പോരാളികളെയും തീവ്രവാദിയെന്ന് വിളിച്ച് മജീദ് സ്വലാഹി അധിക്ഷേപിക്കുന്നു. ഈ മനോഭാവം ഞെട്ടിപ്പിക്കുന്നു. ഇത്രത്തോളം സംഘടനാ സങ്കുചിതത്വവും ജാതീയതയും വിഭാഗീയതയും കേരളത്തിലല്ലാതെ വേറെ എവിടെയാണുള്ളത്?
മറ്റുള്ളവരെ ഇകഴ്ത്തിയും തീവ്രവാദിയാക്കിയും സംഘടന വളർത്താനുള്ള മോഹം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അവിടത്തെ ശഹീദുകൾക്കുള്ള കൂലി കൊടുക്കാൻ ആരാണ് ഇയാളെ ചുമതലപ്പെടുത്തിയത്. എന്തു സങ്കടമാണിത്. ഈ നാടിനായി, സ്വാന്തന്ത്ര്യത്തിനായി പൊരുതിയ വാരിയൻകുന്നത്തിനെ പോലുള്ള പോരാളികളെ ബ്രിട്ടീഷുകാർ മാപ്പിള ലഹളക്കാർ എന്നാണ് വിളിച്ചത്. ഇന്നാണെങ്കിൽ ഇത്തരം ഭാഷ്യം ചമക്കുന്നവർ അവരെ മുസ്‌ലിം തീവ്രവാദികളാക്കാൻ മടിക്കില്ല. ഒപ്പം ഇത്തരം ഭരണകൂട ഭീകരതകളെക്കുറിച്ച് സ്വലാഹി മിണ്ടാതിരിക്കുന്നു. ഇത്തരം ആളുകളെയാണ് ചരിത്രത്തിൽ ഒറ്റുകാർ എന്ന് വിശേഷിപ്പിച്ചത്. ഇതൊക്കെ ആ ഗണത്തിൽ വരും. കാലം ഇതിനൊന്നും മാപ്പു തരില്ല. കണക്കു ചോദിച്ചുകൊണ്ടേയിരിക്കും. ഇത് മജീദ് സ്വലാഹി പറഞ്ഞാലും നിലപാടില്ലാതെ യാസർ പറഞ്ഞാലും ഏത് വലിയ നേതാക്കൾ പറഞ്ഞാലും.- യാസർ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.