കൊട്ടാരക്കര – ആഴമേറിയ പൊട്ടകിണറ്റിൽ വീണ് 12 മണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. ഭാഗ്യക്കുറി വിൽപ്പനക്കാരിയായ കൊട്ടാരക്കര റെയിൽവെ സ്റ്റേഷനു സമീപം ശിവവിലാസത്തിൽ യമുന (53)യാണു ചൊവ്വാഴ്ച രാവിലെ 11 ന് കിണറ്റിൽ വീണത്.
നടുവേദന സംഹാരിയായ നെയ്‌വള്ളി തേടി സ്കൂട്ടറിൽ ഉഗ്രൻകുന്നിലെ പ്രദേശത്തേക്കു പോയതായിരുന്നു യമുന. നെയ്‌വള്ളി പറിച്ചു തിരികെനടക്കുമ്പോഴാണ് ആളൊഴിഞ്ഞ പരിസരത്തെ വീട്ടുവളപ്പിൽ തകരഷീറ്റുകൊണ്ട് മറച്ചിരുന്ന ഉപയോഗശൂന്യമായ കിണറ്റിലേക്ക് കാൽ വഴുതി വീണത്. പ്രാണരക്ഷാര്‍ത്ഥം ഉറക്കെ നിലവിളിച്ചെങ്കിലും പരിസരത്ത് ആരുംതന്നെയുണ്ടായിരുന്നില്ല. മുകളിൽ നിന്ന് കല്ലും മണ്ണും ദേഹത്തേക്കുവീണു. ഹെൽമെറ്റ് തലയിലുണ്ടായതിലാൽ പരിക്കേറ്റില്ല.
ലോട്ടറി വിൽക്കുന്ന സ്ഥലങ്ങളിലൊന്നും യമുനയെ കാണാതായതോടെ ഭർത്താവ് ദീലീപും കുടുംബവും കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നീണ്ട തെരച്ചിലിനൊടുവിലാണ് മുൻപ് വാടകയ്ക്കു താമസിച്ചിരുന്ന ഉഗ്രൻകുന്ന് ഓർമയിൽ വന്നത്. വഴിയരികിൽ സ്കൂട്ടർ കണ്ടെത്തിയതോടെ പ്രതീക്ഷയേറിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് നടന്നുനീങ്ങവെ കിണറ്റിനുള്ളിൽ നിന്നു കരച്ചിൽ കേട്ടു.
ഒടുവിൽ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ യമുനയെ ജീവിതത്തിലേക്കുയർത്തിയെടുത്തു. തുടർന്ന് യമുനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വീണതിന്റെ ആഘാതത്തിലുണ്ടായ വേദനകളല്ലാതെ കാര്യമായ പരിക്കുകളില്ല.