തിരുവനന്തപുരം– വനിതാ സിവില്‍ പൊലീസ് ഓഫീസേഴ്‌സ് പി.എസ്.സി. റാങ്ക് പട്ടികയുടെ കാലാവധി നാളെ അവസാനിക്കും. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാത്ത 675 സ്ത്രീകളുടെ സമരം ഇന്നലെ 16 ദിവസം പൂര്‍ത്തിയായി. സ്വന്തം ശരീരത്തില്‍ റീത്ത് വച്ചാണ് സമരക്കാര്‍ ഇന്നലെ പ്രതിഷേധിച്ചത്. സര്‍ക്കാര്‍ നിയമിക്കാന്‍ തസ്തികകളില്ല എന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ 570 ഒഴിവുകള്‍ ഉണ്ടെന്നാണ് സമരക്കാര്‍ പറയുന്നത്. സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ വിവരാകാശ നിയമപ്രകാരം ശേഖരിച്ചതാണ് ഈ വിവരങ്ങള്‍.
2024 ഏപ്രില്‍ 24ന് പ്രസിദ്ധീകരിച്ച പട്ടികക്ക് ഒരു വര്‍ഷത്തെ കാലാവധി മാത്രമേ ഉണ്ടാവുകയുളളൂ. 2025 ഏപ്രില്‍ 19ന് നിലവിലെ പട്ടിക അവസാനിക്കും. 967 ആളുകള്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇതുവരെ 292 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. ക്യാമ്പില്‍ വര്‍ക്ക് ചെയ്യുന്നവരെ രേഖാമൂലം സ്‌റ്റേഷനിലേക്ക് മാറ്റാതെ അറേഞ്ച്‌മെന്റ് വ്യവസ്ഥയിലാണ് ജോലിചെയ്യിക്കുന്നതെന്ന് സമരം ചെയ്യുന്നവര്‍ പറഞ്ഞു. നിലവിലെ റാങ്ക് പട്ടിക നാളെ അവസാനിക്കുന്നതിനു പിന്നാലെ അടുത്ത ആഴ്ച പുതിയ പട്ടിക പി.എസ്.സി പ്രസിദ്ധീകരിക്കും. ഒഴിവുകളില്ലെങ്കില്‍ പിന്നെന്തിനാണ് പി.എസ്.സി വീണ്ടും പട്ടിക പ്രസിദ്ധീകരിക്കുന്നതെന്ന സമരക്കാരുടെ ചോദ്യത്തിന് ഔദ്യോഗികമായി ആരും മറുപടി പറയുന്നില്ല.